12 October, 2023 06:19:33 PM


ലഹരിയില്‍ അകപ്പെട്ടവര്‍ക്ക് പുതുജീവിതമേകി അട്ടപ്പാടി വിമുക്തി ഡി-അഡിക്ഷന്‍ സെന്‍റര്‍

ഇതുവരെ ചികിത്സ നേടിയത് 4872 പേര്‍



പാലക്കാട്: ലഹരിയില്‍ അകപ്പെട്ടുപോയവര്‍ക്ക് പുതുജീവിതം നല്‍കുകയാണ് അട്ടപ്പാടിയിലെ എക്സൈസ് വിമുക്തി ഡി-അഡിക്ഷന്‍ സെന്റര്‍. അട്ടപ്പാടി നിവാസികളും ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുള്ളവരുള്‍പ്പടെ ഒട്ടേറേപ്പേരാണ് കോട്ടത്തറ സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി-അഡിക്ഷന്‍ സെന്ററില്‍ ചികിത്സക്കെത്തുന്നത്. 2018 ല്‍ എക്‌സൈസിന്റെ വിമുക്തി മിഷന്റെ ഭാഗമായാണ് അട്ടപ്പാടിയില്‍ ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിച്ചത്. അന്ന് മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ 4872 പേര്‍ ചികിത്സ നേടി. അതില്‍ 969 പേര്‍ക്ക് കിടത്തി ചികിത്സ ലഭ്യമാക്കി.

പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനമൈത്രി എക്‌സൈസിന്റെ നേതൃത്വത്തില്‍ അട്ടപ്പാടിയില്‍ സാമൂഹിക ചികിത്സ പദ്ധതി ആരംഭിക്കുകയും അങ്കണവാടി അധ്യാപകര്‍, എസ്.ടി പ്രമോട്ടര്‍മാര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ശില്‍പശാല സംഘടിപ്പിക്കുകയും അതിലൂടെ ഊരുകളില്‍ സര്‍വ്വേ നടത്തി ലഹരിയില്‍ അകപ്പെട്ടു  പോയ അടിയന്തിര ചികിത്സ വേണ്ടവരെ കണ്ടെത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു.  

നിലവില്‍ എക്‌സൈസും മറ്റ് വകുപ്പുകളും ഫീല്‍ഡ് സന്ദര്‍ശനത്തിലൂടെ ഊരുകളില്‍ നിന്നും ലഹരിയില്‍ അകപ്പെട്ടു പോയവരെ കണ്ടെത്തി ചികിത്സ നല്‍കുന്നുണ്ട്. ഇതോടൊപ്പം ധാരാളം പേര്‍ നേരിട്ട് വന്നും ചികിത്സ തേടുന്നുണ്ട്. നിലവില്‍ 10 പേര്‍ക്ക് മാത്രമാണ് കിടത്തി ചികിത്സ സൗകര്യം ഉള്ളത്. ഡോക്ടര്‍, സൈക്കോളജിസ്റ്റ്, കൗണ്‍സിലര്‍, നേഴ്‌സ് ഉള്‍പ്പടെ 10 ജീവനക്കാരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

ഡി-അഡിക്ഷന്‍ സെന്‍ററിന് പുതിയ കെട്ടിടം ഒരുങ്ങുന്നു


ലഹരിയില്‍ നിന്നും കൂടുതല്‍ പേരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനും ഒട്ടേറെ പേര്‍ക്ക് ഒരേ സമയം കിടത്തി ചികിത്സ ലഭ്യമാക്കുകയും ലക്ഷ്യമിട്ട് അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയുടെ പരിസരത്തുതന്നെ ഡി-അഡിക്ഷന്‍ സെന്ററിന് പുതിയ കെട്ടിടം ഒരുങ്ങുന്നുണ്ട്. എക്സൈസിന്റെ ഫണ്ടില്‍നിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. ചികിത്സക്കൊപ്പം ലൈബ്രറി, മെഡിറ്റേഷന്‍, യോഗ തുടങ്ങിയ സൗകര്യങ്ങളും പുതിയ ഡി അഡിക്ഷന്‍ സെന്ററില്‍ ഉണ്ടാവും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K