09 November, 2023 04:16:13 PM


നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഏതൊക്ക? ശുചിത്വ മിഷന്‍റെ പട്ടിക ഇപ്രകാരം



പാലക്കാട്: നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളുമായി ജില്ലാ ശുചിത്വമിഷന്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലെ സംഘടനകള്‍ക്കും ഓഡിറ്റോറിയം, കല്യാണമണ്ഡപം, ടര്‍ഫുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധ പരിപാടികള്‍ നടത്താന്‍ സ്ഥാപനം ബുക്കുചെയ്യുന്ന വ്യക്തികള്‍ക്കുമുള്ള കര്‍ശന നിര്‍ദേശങ്ങളും ഇതോടൊപ്പമുണ്ട്. പരിപാടികള്‍ കര്‍ശനമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണമെന്നും അലങ്കാരങ്ങള്‍ക്ക് പ്രകൃതിസൌഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവു എന്നുമാണ് നിര്‍ദേശം. അല്ലാത്തപക്ഷം 10000 രൂപ മുതല്‍ 50000 രൂപ വരെ തദ്ദേശസ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന പിഴ നല്‍കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പട്ടിക ഇപ്രകാരം


>  പ്ലാസ്റ്റിക് ക്യാരി ബാഗ്(കനം നോക്കാതെ)
>  പ്ലാസ്റ്റിക് ഷീറ്റ്സ്(ടേബിളില്‍ വിരിക്കാന്‍ ഉപയോഗിക്കുന്ന), ക്ലിങ് ഫിലിം
>  പ്ലേറ്റുകള്‍, കപ്പുകള്‍, തെര്‍മോകോളുകള്‍, സ്റ്റൈറോഫോം ഉപയോഗിച്ച് ഉാക്കുന്ന അലങ്കാരവസ്തുക്കള്‍
>  ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്ട്രോകള്‍, ഡിഷുകള്‍, സ്റ്റിറര്‍
>  പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പര്‍ കപ്പുകള്‍, ബൗള്‍, ക്യാരിബാഗുകള്‍
>  പ്ലാസ്റ്റിക് ഫ്ലാഗുകള്‍, പ്ലാസ്റ്റിക് ബിങ്
>  പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്, പ്ലാസ്റ്റിക് ജ്യൂസ് പോക്കറ്റുകള്‍
>  പി.ഇ.ടി/പി.ഇ.പി.ടി ബോട്ടലുകള്‍ കുടിക്കാനുള്ളത്(500 മില്ലി ലിറ്റര്‍ കപ്പാസിറ്റിക്ക് താഴെ)
>  പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ്
>  പി.വി.സി ഫ്ളക്സ് മെറ്റീരിയല്‍
>  പ്ലാസ്റ്റിക് പാക്കറ്റ്സ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലെ സംഘടനകള്‍ക്കുള്ള നിര്‍ദേശങ്ങള്‍


>  തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ നടക്കുന്ന പൊതു പരിപാടികളില്‍ 100 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ അത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രേഖാമൂലം അറിയിക്കണം.
>  പൊതുപരിപാടികളില്‍ നിരോധിത ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കണം.
>  കുടിവെള്ള വിതരണം ചെയ്യുന്നതിന് പൊതു ടാപ്പുകള്‍ സ്ഥാപിക്കുകയോ ഡിസ്പെന്‍സര്‍ കാനുകള്‍ ഉപയോഗിക്കുകയോ ചെയ്യണം. 500 എം.എല്ലിന് താഴെയുള്ള മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗിക്കാന്‍ പാടില്ല.
>  അലങ്കാരത്തിന് തെര്‍മോകോള്‍, പി.വി.സി, ഫ്ലക്സ്, പ്ലാസ്റ്റിക് തുടങ്ങിയവ ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം.
>  ഗ്രീന്‍ പ്രോട്ടോകോള്‍ ലംഘനത്തിന് 10000 രൂപ മുതല്‍ 50000 രൂപ വരെ തദ്ദേശസ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന പിഴ നല്‍കണം.
>  പരിപാടിയുടെ ഭാഗമായി ഉണ്ടാകുന്ന ജൈവ അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സിയുമായി കരാറില്‍ ഏര്‍പ്പെടണം.

ഓഡിറ്റോറിയം, കല്യാണമണ്ഡപം, ടര്‍ഫുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധ പരിപാടികള്‍ നടത്താന്‍ സ്ഥാപനം ബുക്കുചെയ്യുന്ന വ്യക്തികള്‍ക്കുള്ള നിര്‍ദേശങ്ങള്‍


>  ഈ സ്ഥാപനങ്ങളില്‍ നടത്തുന്ന പരിപാടികള്‍ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം.
>  നിരോധിത ഉത്പന്നങ്ങള്‍ ബോട്ടിലുകള്‍ എന്നിവ ഉപയോഗിക്കുകയാണെങ്കില്‍ 10000 രൂപ മുതല്‍ 50000 രൂപ വരെ തദ്ദേശസ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന പിഴ ഈടാക്കും.
>  സ്ഥാപനത്തിലെ അജൈവമാലിന്യം ശേഖരിക്കുന്നതിന് ഏര്‍പ്പാടാക്കിയിട്ടുള്ള ഏജന്‍സിക്ക് അജൈവമാലിന്യങ്ങള്‍ കൈമാറണം
>  പരിപാടിയുടെ ഭാഗമായി ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ സ്ഥാപനത്തിലുള്ള സംവിധാനത്തിലോ തദ്ദേശസ്വയംഭരണ സ്ഥാപനം അംഗീകരിച്ചിട്ടുള്ള, തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി കരാറുള്ള ഏജന്‍സിക്കോ കൈമാറണം.
>  പരിപാടിയുടെ ഭാഗമായി പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുന്‍കൂട്ടി അറിയിക്കേണ്ടതും ഭക്ഷണം കുടിവെള്ളം തുടങ്ങിയവ വിതരണം ചെയ്യുന്ന രീതിയിലും വിവരം മുന്‍കൂട്ടി അറിയിക്കണം.
>  കുടിവെള്ളം നല്‍കുന്നതിന് ഒറ്റത്തവണ ഉപയോഗിക്കുന്ന കപ്പുകള്‍ ഉപയോഗിക്കാന്‍ പാടില്ല. 500 എംഎല്ലിന് താഴെയുള്ള കുടിവെള്ള കുപ്പികള്‍ വിതരണം ചെയ്യാന്‍ പാടില്ല
>  ഭക്ഷണം വിതരണം ചെയ്യുന്നതിന് ഡിസ്പോസിബിള്‍ പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
>  അലങ്കാരത്തിന് തെര്‍മോകോള്‍, പി.വി.സി, ഫ്ലക്സ് തുടങ്ങിയവ ഉപയോഗിക്കാതെ പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K