23 September, 2023 12:37:52 PM
കേരളത്തിൽ ഐഎസ് പ്രവർത്തനം; മണ്ണാർക്കാട് സ്വദേശി എൻഐഎ കസ്റ്റഡിയിൽ
മണ്ണാർക്കാട്: കേരളത്തിൽ തീവ്രവാദ സംഘടനയായ ഐ എസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മണ്ണാർക്കാട് സ്വദേശിയെ എൻഐഎ കസ്റ്റഡിയിലെടുത്തു. സഹീർ തുർക്കിയാണ് പിടിയിലായത്. തൃശൂർ ഐഎസ് കേസിൽ പിടിയിലായ നബീൽ അഹമ്മദിന്‍റെ കൂട്ടാളിയാണ് സഹീർ തുർക്കിയെന്ന് എൻഐഎ പറഞ്ഞു.
ഇന്നലെ വീട്ടിൽ വെച്ചാണ് എൻ ഐഎ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ നിന്നും സൈബർ തെളിവുകളും കണ്ടെടുത്തു. നബീൽ അഹമ്മദിനെ ഒളിവിൽ പോകാൻ സഹായിച്ചത് സഹീറാണ്. നബീലിന് സഹീർ വ്യാജ സിം കാർഡും, പണവും നൽകിയെന്നും എൻഐഎ ആരോപിച്ചു.
നബീലിനെ ഒളിവിൽ താമസിച്ച ലോഡ്ജിലെ രേഖകളും പിടിച്ചെടുത്തു. അവനൂരിലെ ലോഡ്ജിൽ 10 ദിവസമാണ് നബീൽ അഹമ്മദ് ഒളിവിൽ കഴിഞ്ഞത്.
താലിബാൻ മാതൃകയിൽ കേരളത്തിലും ഐ എസ് ഗ്രൂപ്പ് രൂപീകരിക്കാൻ മലയാളികൾ ഉൾപ്പെട്ട സംഘം ശ്രമിച്ചെന്നാണ് എൻഐഎ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. എൻഐഎ ആദ്യം കസ്റ്റഡിയിലെടുത്ത തൃശ്ശൂർ സ്വദേശി നബീൽ അഹമ്മദിന്‍റെ മൊഴിയിൽ നിന്നാണ് സുപ്രധാന വിവരങ്ങൾ ലഭിച്ചത്. പെറ്റ് ലൗവേർസ് എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പ് സൃഷ്ടിച്ച സംഘം തൃശ്ശൂർ പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും പദ്ധതിയിട്ടിരുന്നുവെന്ന് എൻഐഎ പറയുന്നു.