09 November, 2023 04:42:56 PM


ബോര്‍ഡുകള്‍ സമയബന്ധിതമായി നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നടപടിയുമായി പാലക്കാട് ജില്ലാ പഞ്ചായത്ത്



പാലക്കാട്: വിവിധ പരിപാടികള്‍ക്കായി സ്ഥാപിക്കുന്ന ബോര്‍ഡുകളും അനുബന്ധസാമഗ്രികളും സമയബന്ധിതമായി നീക്കം ചെയ്യാത്ത സാഹചര്യമുണ്ടായാല്‍ പരിപാടി കഴിഞ്ഞ് രണ്ടാഴ്ചക്കകം നീക്കം ചെയ്യാന്‍ കര്‍ശന നിര്‍ദേശത്തോടെ നോട്ടീസ് നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോള്‍ അറിയിച്ചു. ജില്ലാതല എന്‍ഫോഴ്സ്മെന്‍റ് സ്‌ക്വാഡും തദ്ദേശതല വിജിലന്‍സ് സ്‌ക്വാഡും ഇത് പരിശോധിച്ച് ഉറപ്പുവരുത്താനും രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഇക്കാര്യം എല്‍.എസ്.ജി.ഡി. ജോയിന്‍റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനും ചുമതലപ്പെടുത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടന്ന അനധികൃത ഫ്ളക്സ്, ഹോര്‍ഡിങ്, കൊടിതോരണങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് നിര്‍ദേശം. അനധികൃത ബോര്‍ഡുകളും കൊടിതോരണങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്യുന്നുണ്ടെങ്കിലും ഒരു സ്പെഷ്യല്‍ ഡ്രൈവായി കൂടി ഏറ്റെടുത്താല്‍ കൂടുതല്‍ പുരോഗതി ഉണ്ടാകുമെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ എല്‍.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടറുടെ ചുമതലയുള്ള കെ. ഗോപിനാഥന്‍, അസി. ഡയറക്ടര്‍ ഹമീദ ജലീസ, പോലീസ് വനിതാസെല്‍ എ.എസ്.ഐ. ശ്രീപ്രിയ, പൊതുമരാമത്ത് വകുപ്പ് എ.ഇ. ബാബുരാജ് എന്നിവര്‍ സംബന്ധിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K