18 October, 2023 07:50:01 PM
കല്‍പ്പാത്തി സംഗീതോത്സവം നവംബര്‍ 9 മുതല്‍; ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കണമെന്ന് നിര്‍ദേശം
പാലക്കാട് : നവംബര്‍ ഒന്‍പത് മുതല്‍ 13 വരെ അഞ്ച് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കല്‍പ്പാത്തി ദേശീയ സംഗീതോത്സവം ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് നടത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. സംഗീതോത്സവവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.
മുന്‍വര്‍ഷങ്ങളില്‍ നടന്ന വേദിയിലാണ് (ചാത്തപുരം മണി അയ്യര്‍ റോഡില്‍) ഇത്തവണയും സംഗീതോത്സവം നടക്കുന്നത്. സംഘാടകസമിതി, പ്രോഗ്രാം, ധനകാര്യ സ്‌പോണ്‍സര്‍ഷിപ്പ്, പ്രചാരണം, സെക്യൂരിറ്റി കമ്മിറ്റികള്‍ രൂപീകരിച്ചു.
കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് സ്‌പോണ്‍സര്‍മാരെ കണ്ടെത്തി മത്സരം സംഘടിപ്പിക്കാന്‍ സാധിക്കുമോ എന്ന് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി സില്‍ബര്‍ട്ട് ജോസ്, ധനകാര്യ സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി വാസുദേവന്‍ എന്നിവരെ ചുമതലപ്പെടുത്തി.
ചാത്തപുരം പുഴയോരത്തുള്ള അറ്റകുറ്റപ്പണികള്‍ക്കായി സ്ഥലപരിശോധനയ്ക്ക് ശേഷം തുടര്‍ന്ന് നടപടിയെടുക്കാന്‍ ഡി.ടി.പി.സി സെക്രട്ടറിയെ ചുമതലപ്പെടുത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ഇ. കൃഷ്ണദാസ്, ആര്‍.ഡി.ഒ ഡി. അമൃതവല്ലി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി സില്‍ബര്‍ട്ട് ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.