12 October, 2023 01:38:55 PM
മണ്ണാർക്കാട് ജനവാസ മേഖലയോട് ചേർന്ന് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പാലക്കാട്: മണ്ണാർക്കാട് കച്ചേരിപറമ്പിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവിഴാംകുന്ന് കോട്ടാണിക്കുന്ന് റിസർവനത്തിലെ കമ്പിപ്പാറ ഭാഗത്ത് കണ്ടെത്തിയ പിടിയാനയുടെ മരണകാരണം വ്യക്തമല്ല. വനം വകുപ്പ് അധികൃതർ എത്തി പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ദിവസങ്ങളായി ഈ ഭാഗത്ത് കാട്ടാനയുടെ ശല്ല്യമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് പത്തോളം കാട്ടാനകളെത്തിയിരുന്നു. ഇതേ തുടർന്ന് മണ്ണാർക്കാട് റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലക സംഘം ആനകളെ സൈലന്‍റ് വാലി വന മേഖലയിലേക്ക് തുരത്തിയിരുന്നു. ഇതിനിടെ വാച്ചർമാരാണ് ആനയുടെ ജഡം കണ്ടത്. എന്നാൽ ആനയുടെ മരണകാരണം എന്തെന്ന് വ്യക്തല്ല. ആനയുടെ പോസ്റ്റുമാർട്ടം നടപടികൾ ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു.