23 November, 2023 12:29:59 PM


മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തിനിടെ അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ കൂട്ടത്തല്ല്



പാലക്കാട്: മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തിനിടെ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും തമ്മില്‍ കൂട്ടത്തല്ല്. കലോത്സവത്തിന്‍റെ സമാപനത്തോടനുബന്ധിച്ച്‌ നടത്തിയ സമ്മാനദാനത്തിനിടെ സദസില്‍ നിന്നും പടക്കം പൊട്ടി‌യത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. 

സംഭവത്തില്‍ ഒരു അധ്യാപകനും വിദ്യാര്‍ഥിയ്ക്കും പരിക്കേറ്റു. മണ്ണാര്‍ക്കാട് ഡിഎച്ച്‌എസ് സ്കൂളിലായിരുന്നു ഉപജില്ലാ കലോത്സവം നടന്നത്.  ഹൈസ്കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ ചാംപ്യൻമാരായ എംഇഎസ് ഹയര്‍ സെക്കൻഡറി സ്കൂളിലെയും കല്ലടി സ്കൂളിലെയും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ആഹ്ലാദ പ്രകടനം നടത്തുകയായിരുന്നു. ഇതിനിടെ  അശ്രദ്ധമായി പടക്കങ്ങള്‍ പൊട്ടിക്കുകയും ഇവ സദസിനിടയില്‍ ചെന്ന് വീഴുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

ഇന്നലെ രാത്രിയോടെയാണ് സംഭവം. കസേരകളും മറ്റും ഉപയോഗിച്ചാണ് അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും തമ്മില്‍ ഏറ്റുമുട്ടിയത്. ഒടുവില്‍ പോലീസെത്തി ലാത്തി വീശിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. വേദിയ്ക്കുള്ളില്‍ പടക്കം പൊട്ടിച്ചതിന് കണ്ടാലറിയാവുന്നവര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K