18 October, 2023 07:47:06 PM


രാധയ്ക്ക് ഇന്ത്യന്‍ പൗരത്വമായി; ജില്ലാ കലക്ടര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി



പാലക്കാട് : നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം പുതുശ്ശേരി സ്വദേശിനി രാധയ്ക്ക് ഇന്ത്യന്‍ പൗരത്വമായി. ജില്ലാ കലക്ടറുടെ ചേംബറില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. 1988 ലാണ് രാധ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കിയത്. ജോലിക്കായി മലേഷ്യയില്‍ താമസമാക്കിയ രാധയുടെ അച്ഛനും അമ്മയ്ക്കും 1964 ലാണ് രാധ ജനിക്കുന്നത്. ജനനശേഷം അമ്മയും കുഞ്ഞും സ്വന്തം നാടായ പാലക്കാട് പത്തിരിപ്പാലയിലേക്ക് തിരിച്ചെത്തി. സ്‌കൂള്‍ വിദ്യാഭ്യാസം പത്തിരിപ്പാലയില്‍ ആരംഭിച്ചു. പത്തിരിപ്പാല ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം 1980 ല്‍ രാധ മലേഷ്യയിലേക്ക് പോയി. 1981 ല്‍ തിരിച്ചെത്തി. കഞ്ചിക്കോട് പ്രികോട്ട് മില്‍ തൊഴിലാളിയായ പുതുശ്ശേരി കല്ലങ്കണ്ടത്ത് രാധാകൃഷ്ണനുമായുള്ള വിവാഹ ശേഷം പുതുശ്ശേരിയിലാണ് താമസിച്ചുവരുന്നത്. 58 വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയില്‍ ജീവിച്ച രാധ ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സന്തോഷത്തിലാണ് കലക്ടറേറ്റില്‍ നിന്ന് മടങ്ങിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K