10 February, 2021 08:30:10 PM


രവി പിള്ളയ്ക്കെതിരെ സമരം: തൊഴിലാളികള്‍ പൊലീസ് കസ്റ്റഡിയില്‍



കൊല്ലം: പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ രവി പിള്ളയ്ക്കെതിരെ സമരത്തിനിറങ്ങിയ തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധിക്കാനായി തലസ്ഥാനത്തേക്ക് യാത്ര തിരിച്ച പ്രവാസി തൊഴിലാളികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്‍എസ്‌എച്ച്‌ കോര്‍പ്പറേഷനില്‍ നിന്ന് പുറത്താക്കപ്പെട്ട അന്‍പത്തിയാറോളം പേരെ കൊല്ലം ചിന്നക്കടയില്‍വെച്ച്‌ ബസ് അടക്കം പൊലീസ് തടയുകയായിരുന്നു.


20 വര്‍ഷത്തിലേറെ സര്‍വ്വീസുണ്ടായിരുന്ന തങ്ങളെ യാതൊരു ആനുകൂല്യവും നല്‍കാതെ രവി പിള്ള കോവിഡ് കാലത്ത് പിരിച്ചുവിട്ടെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കാന്‍ ഇറങ്ങിയതായിരുന്നു തൊഴിലാളികള്‍.

അതേസമയം, തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത് സംഘര്‍ഷം ഒഴിവാക്കാനാണെന്ന് പൊലീസ് വ്യക്തമാക്കി. രവി പിള്ളയുടെ വീട്ടിലേക്ക് മാര്‍ച്ച്‌ നടത്തുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇത് തൊഴിലാളികള്‍ നിഷേധിച്ചു.


സമരക്കാരെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ പൊലീസ് സ്റ്റേഷനിലെത്തി. തൊഴിലാളികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സ്റ്റേഷനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തി.

കോവിഡ് വ്യാപനത്തിന്റെ പേരില്‍ സൗദി കമ്പനി എന്‍എസ്‌എച്ച്‌ കോര്‍പറേഷന്‍ നിയമപരമായ ആനുകൂല്യങ്ങളൊന്നും നല്‍കാതെ പിരിച്ചുവിട്ടെന്ന് ചൂണ്ടിക്കാട്ടി 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം തൊഴിലാളികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരാതി നല്‍കിയിരുന്നു.


കേരള മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ 11 മുഖ്യമന്ത്രിമാര്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ എംബസി എന്നിവിടങ്ങളിലും നാല് മാസം മുന്‍പേ പരാതി നല്‍കി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ പരാതി ബോധിപ്പിച്ചിട്ടും അനുകൂല നടപടികളുണ്ടാകാത്തതിനെത്തുടര്‍ന്നാണ് പ്രവാസി തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചത്.


അതേസമയം എന്‍എസ്‌എച്ച്‌ എന്ന സ്ഥാപനവുമായി രവിപ്പിളളയ്ക്ക് ഒരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടി ആര്‍പി ഗ്രൂപ്പ് രംഗത്തെത്തി. രവി പിള്ള 2014 വരെ സൗദിയിലെ എന്‍എസ്‌എച്ച്‌ എന്ന സ്ഥാപനത്തിന്‍റെ പദവി വഹിച്ചിരുന്നു. എന്നാല്‍ അതിനുശേഷം ഈ സ്ഥാപനവുമായി അദ്ദേഹത്തിന് ഒരു ബന്ധമില്ലെന്നും ആര്‍പി ഗ്രൂപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K