09 February, 2021 01:53:06 PM
ഐസ്ക്രീം ലഭിച്ചില്ല: വിവാഹ വിരുന്നിടെ കൂട്ടത്തല്ല്; സംഭവം കൊട്ടിയത്ത്
കൊല്ലം: വിവാഹ വിരുന്നിടെ ഐസ്ക്രീം ലഭിച്ചില്ലെന്നാരോപിച്ച് അതിഥികളിൽ ചിലർ കാറ്ററിംഗ് തൊഴിലാളികൾക്ക് നേരെ തിരിഞ്ഞത് കൂട്ടത്തല്ലിൽ അവസാനിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കൊട്ടിയത്തെ ഒരു ഓഡിറ്റോറിയത്തിലാണ് ഐസ്ക്രീമിന്‍റെ പേരിൽ വാക്കേറ്റവും കൂട്ടത്തല്ലുമുണ്ടായത്. ആഹാരത്തിന് ശേഷം ഐസ്ക്രീം വിതരണം ചെയ്തപ്പോൾ വരന്‍റെ ഭാഗത്ത് നിന്നെത്തിയ അതിഥികളിൽ ചിലർക്ക് ഐസ്ക്രീം ലഭിച്ചില്ലെന്ന പരാതി ഉയർന്നു.
ഇതോടെ ഇവർ കാറ്ററിംഗ് തൊഴിലാളികളുമായി ഇതിന്‍റെ പേരിൽ ക്ഷുഭിതരായതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും പിന്നീട് തല്ലുമുണ്ടായി. അതിഥികളിൽ അഞ്ച് പേർ കാറ്ററിംഗ് തൊഴിലാളികളെ മർദിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. വിവരമറിഞ്ഞ് കൊട്ടിയം പോലീസ് എത്തിയെങ്കിലും സംഘർഷം നിയന്ത്രിക്കാനായില്ല. പോലീസിന് മുമ്പിൽ വെച്ചും പോർവിളിയും തല്ലും നടന്നു. തുടർന്ന് കൂടുതൽ പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
ഐസ്ക്രീം കിട്ടാത്തതിന്‍റെ പേരിൽ തല്ലുണ്ടാക്കിയ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കേസെടുത്തതായി കൊട്ടിയം പോലീസ് അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ അവഗണിച്ച് പരിധിയിൽ കൂടുതൽ ആളെ കൂട്ടി ചടങ്ങ് നടത്തിയതിന് വരന്‍റെ വീട്ടുകാർക്കെതിരെയും പോലീസ് കേസെടുത്തു. നിയന്ത്രണങ്ങൾ അവഗണിച്ച് ആളെ കൂട്ടാൻ അനുമതി നൽകിയത് ഓഡിറ്റോറിയം ഉടമയിൽ നിന്ന് പിഴ ഈടാക്കാൻ നോട്ടീസ് നൽകിയതായും പോലീസ് അറിയിച്ചു.