18 January, 2021 07:29:21 PM
അതിരമ്പുഴ തിരുനാളിന് നാളെ കൊടിയേറും
അതിരമ്പുഴ: സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാളിന് ചൊവ്വാഴ്ച കൊടിയേറും. രാവിലെ 5.45ന് സപ്രാ, വിശുദ്ധ കുർബാന. തുടർന്ന് ഏഴ് മണിയോടെ വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റും. അസിസ്റ്റൻറ് വികാരിമാരായ ഫാ.ജിജോ കുറിയന്നൂർപറമ്പിൽ, ഫാ. ലിബിൻ പുത്തൻപറമ്പിൽ, ഫാ.ടോം കന്യേക്കോണിൽ എന്നിവർ സഹകാർമികരായിരിക്കും.
കൊടിയേറ്റിനെ തുടർന്ന് ഫാ.ജേക്കബ് ചക്കാത്ര വിശുദ്ധ കുർബാന അർപ്പിക്കും.
വൈകുന്നേരം നാലിന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, വിശുദ്ധ കുർബാന _ ഫാ.അമൽ നാട്ടുവഴിപറമ്പിൽ. തുടർന്ന് പ്രദക്ഷിണം. വൈകുന്നേരം ആറിന് കോട്ടയം ടെക്സ്റ്റൈൽസിൽ നിന്ന് ആരംഭിക്കുന്ന കഴുന്നു പ്രദക്ഷിണം 8.30 ന് വലിയപള്ളിയിൽ സമാപിക്കും.
20നാണ് പ്രശസ്തമായ തിരുസ്വരൂപം പരസ്യ വണക്കത്തിന് പ്രതിഷ്ഠിക്കുന്നത്. രാവിലെ 7.30 ന് തിരുസ്വരൂപം വലിയ പള്ളിയുടെ മദ്ബഹയിൽ നിന്ന് പുറത്തെടുത്ത് വലിയപള്ളിയുടെ പ്രധാന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന രൂപക്കൂട്ടിൽ പ്രതിഷ്ഠിക്കും.
20 മുതൽ 23 വരെ ദേശക്കഴുന്നുകൾ നടക്കും. 24, 25 തിയതികളിലാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ. 24ന് വൈകുന്നേരം 4.15ന് അതിരമ്പുഴ ഇടവകക്കാരായ വൈദികർ ചേർന്ന് സമൂഹബലി അർപ്പിക്കും. ആറിന് വലിയപള്ളിയിൽ നിന്ന് നഗരം ചുറ്റിയുള്ള പ്രദക്ഷിണം ആരംഭിക്കും. 6.45 ന് പ്രദക്ഷിണം ടൗൺ കപ്പേളയിലെത്തും. അവിടെ പ്രാർത്ഥനയ്ക്കു ശേഷം തുടരുന്ന പ്രദക്ഷിണം 8.30 ന് വലിയപള്ളിയിൽ സമാപിക്കും.
25ന് രാവിലെ 10.30ന് ആഘോഷമായ തിരുനാൾ റാസ. വൈകുന്നേരം 5.45ന് തിരുനാൾ പ്രദക്ഷിണം. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണം. രാത്രി 7.30ന് വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുസ്വരൂപം മദ്ബഹായിൽ പുനഃപ്രതിഷ്ഠിക്കുന്നതോടെ തിരുനാളിന് കൊടിയിറങ്ങും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.ദേശക്കഴുന്നിലും തിരുനാൾ പ്രദക്ഷിണങ്ങളിലും വിശ്വാസികളുടെ പങ്കാളിത്തം അനുവദിച്ചിട്ടില്ല. സാമൂഹിക അകലം പാലിച്ച് പ്രദക്ഷിണവഴികളുടെ വശങ്ങളിൽ നിന്ന് പ്രദക്ഷിണങ്ങൾ വീക്ഷിക്കാവുന്നതാണ്.
കലാപരിപാടികളും വെടിക്കെട്ടും ഉണ്ടായിരിക്കില്ല. കൈക്കാരന്മാരായ സോജൻ അഗസ്റ്റിൻ, ജോണി കുര്യൻ, റ്റി.ജെ. ജേക്കബ്ബ്, എം.സി.മാത്യു, പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി. ജോസ് തുടങ്ങിയവർ തിരുനാൾ പരിപാടികൾക്ക് നേതൃത്വം നൽകും.