15 September, 2020 07:45:09 PM


റംസിയുടെ ആത്മഹത്യ: നടി ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍



കൊല്ലം: വിവാഹത്തില്‍ നിന്നും പ്രതിശ്രുതവരന്‍ പിന്മാറിയതിന്‍റെ പേരില്‍ കൊല്ലം കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് കൊല്ലം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പ്രതിയായ ഹാരീസിന്‍റെ ജ്യേഷ്ഠന്‍റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. റംസിയുമായി നല്ല അടുപ്പത്തിലായിരുന്നു ലക്ഷ്മി. ഇവര്‍ ഒന്നിച്ചുചെയ്ത ടിക്ടോക് വിഡിയോകള്‍ ഇതിനകം പുറത്തുവന്നിരുന്നു.


നടിയും കേസില്‍ ആരോപണ വിധേയരായവരും ഒളിവിലാണ്. ഇവര്‍ക്കായുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. ലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ആഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കേ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ചതു ലക്ഷ്മിയാണെന്നു റംസിയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായത്തിനു പിന്നാലെയാണ് നടി മുന്‍‌കൂര്‍ ജ്യാമ്യാപേക്ഷ നല്‍കിയത്. നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് ഹാരിസിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്.


സെപ്റ്റംബര്‍ 3നാണ് കൊട്ടിയം സ്വദേശിനിയായ റംസിയെന്ന ഇരുപത്തിനാലുകാരി തൂങ്ങിമരിച്ചത്. ഹാരിസുമായി റംസി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് മുന്നേയുള്ള വളയിടയില്‍ ചടങ്ങുകളടക്കം നടത്തിയതിനു ശേഷമായിരുന്നു പ്രതിയും കുടംബവും വിവാഹത്തില്‍ നിന്ന് പിന്മാറിയത്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരീസ് പെണ്‍കുട്ടിയെ ഒഴിവാക്കുകയും ഇതില്‍ മനംനൊന്ത് റംസി ആത്മഹത്യ ചെയ്യുകയുമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K