10 August, 2020 05:15:02 PM


തടവറകളില്‍ കോവിഡ്: കൊല്ലം ജില്ലാ ജയിലില്‍ 75 ശതമാനം പേരിലും വൈറസ് ബാധ



കൊല്ലം: കോവിഡ് വ്യാപനത്തിന്‍റെ തളര്‍ച്ചയില്‍ കൊല്ലം ജില്ലാ ജയില്‍. അന്തേവാസികളായ 75 ശതമാനം പേരും കോവിഡ് രോഗികളായതോടെ ജയിലിന്‍റെ പ്രവര്‍ത്തനം നിലച്ച മട്ടാണ്. തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗസ്ഥന്‍ വഴിയാണ് കോവിഡ് ബാധയുണ്ടായതെന്ന ആരോപണവും ജയില്‍വകുപ്പ് നേരിടുന്നുണ്ട്.


സിവില്‍സ്റ്റേഷന് വിളിപ്പാടകലെയുള്ള ജയിലിന്‍റെ ഓഫീസ് പ്രവര്‍ത്തനം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. നിയമസഹായ ക്ലിനിക്, കൗണ്‍സലിംഗ്, വായനാശാല, സാക്ഷരത, ആരോഗ്യപരിരക്ഷ, സന്മാര്‍ഗക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പ്, തൊഴില്‍പരിശീലനക്ലാസ്, ജൈവപച്ചക്കറി ഉത്പാദനം, വേണാട് ഭക്ഷണനിര്‍മാണ യൂണിറ്റ് എന്നിവയെല്ലാം നിലച്ചിരിക്കുകയാണ്. പുതുതായി എത്തുന്ന പ്രതികളെ തിരുവനന്തപുരം, വര്‍ക്കല ജയിലുകളിലേക്ക് അയയ്ക്കാനാണ് പുതിയ തീരുമാനം.


50 സെന്‍റ് സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ജയിലില്‍ പുരുഷന്മാരെ മാത്രമാണ് തടവുകാരായി പാര്‍പ്പിക്കുന്നത്. തടവുകാര്‍ നിര്‍മിക്കുന്ന ചപ്പാത്തിയും ചിക്കന്‍കറിയും ബിരിയാണിയും വന്‍തോതില്‍ വിറ്റഴിച്ചിരുന്നു. ജയിലിന് മുന്നില്‍ തന്നെ വില്‍പ്പനകൗണ്ടര്‍ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ഇതിപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. കോവിഡ് വ്യാപനം തുടങ്ങിയ ഘട്ടം മുതല്‍ ജയിലിനുള്ളില്‍ കര്‍ശന പ്രതിരോധ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചെങ്കിലും ഫലം കണ്ടില്ല.


പത്തുദിവസം മുമ്പാണ് 13 പേരില്‍ കോവിഡ് ബാധ കണ്ടെത്തിയത്. പിന്നാലെ 44 പേരിലും മൂന്നുദിവസം മുമ്പ് 34 പേരിലും കോവിഡ് രോഗം കണ്ടെത്തി. രോഗബാധ ഉള്ളവരെയെല്ലാം ചന്ദനത്തോപ്പ് എഫ്‌എല്‍ടിസിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ രോഗം ഗുരുതരമായ മൂന്നു പേര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആകെ 171 പേരാണ് ജില്ലാ ജയിലുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K