06 August, 2020 01:12:36 PM
സംഭവം മാസ് ആയി; പക്ഷെ 'രാക്ഷസി' വൈറലായപ്പോള് നഷ്ടപ്പെട്ടത് വലിയ തുക
കൊല്ലം 'എൻ കരളിൽ താമസിച്ചാൽ.. രാക്ഷസി...' പാട്ടിന്റെ അകമ്പടിയോടെ മഞ്ഞനിറമുള്ള ബൈക്കിൽ അതേനിറമുള്ള വേഷമണിഞ്ഞ് സവാരി നടത്തിയ പെൺകുട്ടിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. മോഡല് കൂടിയായ തട്ടാര്കോണം സ്വദേശിനിയായ പെണ്കുട്ടി കൊല്ലം ഫാത്തിമ കോളജിന് മുന്നിലെ റോഡിലൂടെ സഞ്ചരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അതിനെക്കാൾ വേഗത്തിൽ മോട്ടോർ വാഹനവകുപ്പിൽ പരാതിയെത്തുകയായിരുന്നു.
ഹെല്മെറ്റും ലൈസന്സുമില്ലാതെയുള്ള ബൈക്കില് കറങ്ങിയതിന്റെ വീഡിയോ ചലച്ചിത്ര ഗാനത്തിന്റെ അകമ്പടിയോടെ ഇന്സ്റ്റാഗ്രാമില് പോസ്റ്റ് ചെയ്തപ്പോള് വിനയാകുമെന്ന് മോഡല് കൂടിയായ പെണ്കുട്ടി അറിഞ്ഞില്ല. വീഡിയോ കണ്ട ചിലര് മോട്ടോര്വാഹനവകുപ്പിന് ഇത് കൈമാറി. 18 വയസ്സ് തികയാത്ത പെൺകുട്ടി രൂപമാറ്റം വരുത്തിയ ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്നെന്നായിരുന്നു പരാതി. ഹെൽമറ്റ് ധരിച്ചിട്ടില്ല, ബൈക്കിന് സൈഡ് മിറർ ഇല്ല എന്നതുൾപ്പെടെ കൂടുതൽ പരാതികൾ വന്നതോടെ സംഭവം അന്വേഷിക്കാൻ കൊല്ലം എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ഡി. മഹേഷ് എം.വി.ഐ സുമോദ് സഹദേവനെ ചുമതലപ്പെടുത്തി.
രജിസ്ട്രേഷൻ നമ്പരിലൂടെ ബൈക്കിന്റെ ഉടമ കൊല്ലം പുന്തലത്താഴം സ്വദേശിയായ യുവാവാണെന്ന് കണ്ടെത്തി. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ യുവാവിന്റെ വീട്ടിലെത്തിയശേഷം ബൈക്കോടിച്ച പെൺകുട്ടിയെ വിളിച്ചുവരുത്തി. ലൈസൻസുണ്ടോ എന്നായിരുന്നു ആദ്യ പരിശോധന. ഗിയറില്ലാ വാഹനങ്ങള് ഓടിക്കാനുള്ള ലൈസന്സ് മാത്രമാണ് ഉള്ളതെന്ന് കണ്ടെത്തി. ലൈസന്സില്ലാത്തവര് വാഹനമോടിച്ചാല് ഓടിച്ചയാള്ക്കു മാത്രമല്ല ബൈക്കുടമയ്ക്കും പിഴയുണ്ടാകും. ബൈക്ക് പരിശോധിച്ചപ്പോള് പലതവണ രൂപമാറ്റം വരുത്തിയതായി കണ്ടെത്തി.
ഗിയറുള്ള ബൈക്ക് ഓടിച്ചതിന് 10000, ബൈക്ക് രൂപമാറ്റം വരുത്തിയതിന് 10000, ഹെൽമറ്റില്ലാതെ ബൈക്കോടിച്ചതിന് 500 രൂപയും ചേർത്ത് 20,500 രൂപ പിഴ അടയ്ക്കാനുള്ള ചെക്ക് റിപ്പോർട്ട് ഉദ്യോഗസ്ഥർ കൈമാറി. പെണ്കുട്ടിയുടെ നിലവിലുള്ള ലൈസന്സ് റദ്ദ് ചെയ്യാനും നടപടി തുടങ്ങി. ബൈക്കിെൻറ ആർ.സി ബുക്കും ലൈസൻസും പിടിച്ചെടുത്തു. 15 ദിവസത്തിനകം കൊല്ലം ആർ.ടി.ഒക്ക് മുന്നിൽ ഹിയറിങ്ങിന് ഹാജരാകാനാണ് നിര്ദ്ദേശം.