10 July, 2020 08:50:13 PM
'പരിപൂർണനായി ദൈവം സൃഷ്ടിച്ച മനുഷ്യനെന്തിനാ മാസ്ക്?' ചോദിച്ച പാസ്റ്റർക്കെതിരെ കേസ്
കൊല്ലം: ചങ്ങനാശ്ശേരിയിലും കൊല്ലത്തും ഉള്‍പ്പെടെ നാട്ടില്‍ മാസ്ക് ധരിക്കാതെ കറങ്ങി നടക്കുകയും പിടികൂടിയ പോലീസുമായി തർക്കിക്കുകയും ചെയ്ത പാസ്റ്റർക്കെതിരെ കേസ്. കൊല്ലം മയ്യനാട് സ്വദേശി തങ്കച്ചനെതിരെ ചങ്ങനാശ്ശേരി പോലീസാണ് കേസെടുത്തത്. പകർച്ചവ്യാധി നിരോധന നിയമപ്രകാരം ആണ് കേസ്. ചങ്ങനാശ്ശേരിയിലും കൊല്ലത്തും ഇയാൾ മാസ്ക് ധരിക്കാതെ പൊലീസുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു.
"വെറുംകയ്യോടെ വന്ന മനുഷ്യന് സൃഷ്ടാവിനെ തടയാന്‍ അധികാരമില്ല. കോടിക്കണക്കിന് ജനത്തെ തുടച്ചുമാറ്റുമെന്നാണ് പരിശുദ്ധാത്മാവിന്‍റെ അരുളപ്പാട്. ഇത് ദൈവം അയച്ച മഹാമാരിയാ. എന്‍റെ ദൈവവിശ്വാസം അനുസരിച്ചാ പോകുന്നത്. വചനം വിട്ട് ഇടത്തോട്ടോ വലത്തോട്ടോ പോകില്ല..." കൊല്ലത്ത് വെച്ച് മാസ്ക് ധരിക്കാതെ റോഡിലിറങ്ങിയത് ചോദ്യം ചെയ്ത പോലീസിനോട് പാസ്റ്റര്‍ പറഞ്ഞു.
മാസ്ക് ധരിക്കാൻ വിസമ്മതിച്ച പാസ്റ്റർ 'വിശ്വാസത്തെ പ്രതി മാസ്ക് ധരിക്കില്ലെന്ന്' ആവർത്തിക്കുകയായിരുന്നു. റോഡിൽ പൊലീസുമായി തർക്കിക്കുന്ന പാസ്റ്ററുടെ ദൃശ്യങ്ങൾ വൈറലായി. തന്‍റെ വിശ്വാസത്തിൽ മാസ്ക് ധരിക്കാൻ പാടില്ലെന്നും മരണഭയമില്ലെന്നും വാദിച്ച പാസ്റ്റര്‍ രാജ്യത്തെ നിയമങ്ങൾ പാലിക്കില്ലെന്നും പറയുന്നുണ്ടായിരുന്നു. ഇതിനെതിരേയും കേസെടുത്തിട്ടുണ്ട്.