06 July, 2020 10:15:27 PM
കൊല്ലത്ത് ലോക്ക് ഡൗണ്‍ മറവില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
കൊല്ലം: ലോക്ക് ഡൗണ്‍ വേളയില്‍ വ്യാപകമായി എത്തി വ്യാപാര സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരുന്ന നിരോധിച്ച പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കൊല്ലം ടൗണ്‍, അഞ്ചാലുംമൂട്, കൊട്ടാരക്കര, തേവലക്കര, പാരിപ്പള്ളി എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 100 കിലോയോളം വരുന്ന പ്ലാസ്റ്റിക്കുകള്‍ പിടിച്ചെടുത്തത്. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി.
ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള കപ്പുകള്‍, നോണ്‍ വോവന്‍ ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, കംമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, തെര്‍മോക്കോള്‍ കപ്പുകള്‍ പ്ലേറ്റുകള്‍ മുതലായവയാണ് പിടിച്ചെടുത്ത് നോട്ടീസ് നല്‍കിയത്. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യ തവണ 10000 രൂപയും ആവര്‍ത്തിക്കുന്നപക്ഷം 25000 രൂപ, 50000 രൂപ പ്രകാരവും പിഴ ചുമത്തുമെന്നും. തുടര്‍ന്നുള്ള നിയമ ലംഘനതിന് സ്ഥാപനം പൂട്ടി സീല്‍ ചെയ്യുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.