16 June, 2020 07:01:22 PM
താക്കോൽ തിരിച്ചു നൽകിയില്ല; വെട്ടിലായി മൺറോ തുരുത്തിലെ ഹോംസ്റ്റേ ഉടമകൾ
കൊല്ലം: കെട്ടിടങ്ങളുടെ താക്കോൽ തിരിച്ചു കിട്ടാതെ കൊല്ലം മൺറോ തുരുത്തിലെ ടൂറിസം സംരംഭകർ. ക്വാറന്റീൻ കേന്ദ്രങ്ങളാക്കാൻ ഏറ്റെടുത്ത കെട്ടിടങ്ങളാണ് തിരികെ നൽകാത്തത്. ഹോംസ്റ്റേകളും റിസോർട്ടുകളും തുറക്കാൻ അനുമതി ലഭിച്ചിട്ടും വില്ലേജ് അധികൃതർ താക്കോൽ തിരികെ നൽകുന്നില്ലെന്നാണ് പരാതി. ഉപ്പുവെള്ളം കാരണം നേരത്തെ തന്നെ കൃഷി നശിച്ച പ്രദേശമാണ് മൺറോതുരുത്ത്. ഹോംസ്റ്റേകളും റിസോർട്ടുകളും തുറക്കാൻ കഴിഞ്ഞ 8 ന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു.
100 ദിവസത്തിലധികമായി ഓലമേഞ്ഞ ഹട്ടുകൾ ഉൾപ്പെടെ ജില്ലയിലാകെ ഏറ്റെടുത്ത കെട്ടിടങ്ങൾ ബഹുഭൂരിപക്ഷവും അടഞ്ഞുകിടക്കുന്നു. ആഭ്യന്തര ടൂറിസമെങ്കിലും മെച്ചപ്പെടാൻ കെട്ടിടങ്ങൾ തിരികെ നൽകണമെന്ന് ഉടമകൾ പറയുന്നു. താക്കോലുകൾ തിരികെ ലഭിക്കാത്തതു കാരണം ശുചീകരണം പോലും സാധ്യമാകുന്നില്ല. പലതും ചിതലെടുത്തു പോകുമെന്ന നിലയിലാണ്. വൻ തുക ചെലവിട്ടാണ് ഓലക്കെട്ടിടങ്ങൾ പോലും തയ്യാറാക്കിയിട്ടുള്ളത്. 64 ഹോം സ്‌റ്റേകളും 4 റിസോർട്ടുകളുമാണ് പ്രദേശത്തുള്ളത്. ടൂറിസം മേഖലയെ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിക്കുന്ന പതിനയ്യായിരം പേരെങ്കിലുമുണ്ട്.
മൺട്രോതുരുത്തിലെത്താൻ നിലവിൽ സഞ്ചാരികളുടെ അന്വേഷണങ്ങൾ എത്തുന്നുണ്ട്. കക്കവാരൽ മാത്രമാണ് ഇപ്പോൾ ഈ പ്രദേശത്ത് നാട്ടുകാരുടെ വരുമാനസ്ത്രോതസ്. എല്ലാ കുടുംബങ്ങളിലും അത്തരത്തിൽ വരുമാനം എത്തുകയുമില്ല. സഞ്ചാരികളുടെ ജലയാത്ര പ്രതീക്ഷിച്ച് വള്ളങ്ങൾ വാങ്ങിയവരും കടുത്ത പ്രതിസന്ധിയിലാണ്. ലക്ഷങ്ങൾ ചെലവിട്ടാണ് കെട്ടുവള്ളങ്ങൾ തയ്യാറാക്കിയത്. ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ പോലും കഴിയുന്നില്ലെന്നാണ് സംരംഭകരുടെ പരാതി.