15 June, 2020 12:30:45 PM
മരിച്ച പൊലീസുകാരൻ കുടിച്ചത് ആശുപത്രിയിലെ സ്പിരിറ്റ്; സുഹൃത്ത് അറസ്റ്റിൽ
കൊല്ലം: കടയ്ക്കലിൽ മരിച്ച പൊലീസുകാരൻ കുടിച്ചത് ആശുപത്രിയിൽ ഉപയോഗിക്കുന്ന സ്പിരിറ്റെന്നു കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. മലപ്പുറം പൊലീസ് ക്യാമ്പിലെ കമാൻഡോ അഖിൽ (35) ആണ് മരിച്ചത്. വർക്കലയിലെ ആശുപത്രി ജീവനക്കാരിയായ സുഹൃത്തിൽ നിന്നാണ് സ്പിരിറ്റ് വാങ്ങിയത്. പറഞ്ഞത് മുറിവിൽ പുരട്ടാനും സാനിറ്റൈസർ ആവശ്യത്തിനുമാണെന്നാണ് ആശുപത്രി ജീവനക്കാരിയോട് പറഞ്ഞത്. പിടിയിലായ വിഷ്ണുവാണ് സ്പിരിറ്റ് വാങ്ങിയത്.
വെള്ളിയാഴ്ച രാത്രിയാണ് വിഷ്ണു സ്പിരിറ്റ് എത്തിച്ചത്. അന്ന് രാത്രിയിലാണ് പൊലീസുകാരൻ ഉൾപ്പെടെയുള്ളവർ ഈ സ്പിരിറ്റ് ഉപയോഗിച്ചത്. ഞായറാഴ്ച അഖിൽ ഛർദ്ദിച്ച് അവശനായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഒപ്പമുണ്ടായിരുന്ന ഗിരീഷ് അവശനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് മലപ്പുറത്തു നിന്ന് അഖില്‍ നാട്ടിലെത്തിയത്. കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി കൊല്ലം റൂറൽ എസ്പി ഹരിശങ്കർ അറിയിച്ചു.