30 April, 2016 08:50:33 AM
ഗണേഷ്കുമാറിന്റെ വിദ്യാഭ്യാസയോഗ്യതയും താഴേക്ക് ; ഡിഗ്രി പ്രീഡിഗ്രിയായി
കൊല്ലം : മന്ത്രി പി.കെ.ജയലക്ഷ്മിക്കു പിന്നാലെ മുന്‍ മന്ത്രിയും പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാർഥിയുമായ കെ.ബി.ഗണേഷ്കുമാറിന്റെ വിദ്യാഭ്യാസയോഗ്യതയും താഴേക്ക്.
2011ൽ ബികോം പഠനം പൂർത്തീകരിച്ചിട്ടുണ്ടെന്നായിരുന്നു സത്യവാങ്മൂലത്തിൽ. 2006ൽ കേരള സർവകലാശാലയിൽ നിന്നു ബികോം എന്നാണ് രേഖപ്പെടുത്തിയത്. ഇത്തവണ നാമനിര്‍ദ്ദേശപത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ യോഗ്യത പ്രീഡിഗ്രി ആയി കുറഞ്ഞു. തിരുവനന്തപുരം ഗവ.ആർട്സ് കോളജിൽ നിന്നു പ്രീഡിഗ്രി നേടിയെന്നാണ് ഇപ്പോൾ പത്രികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഗണേഷിന്റെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ചു നേരത്തേ കോടതിയിൽ സ്വകാര്യ അന്യായം ഉണ്ടായിരുന്നു. അതു പിന്നീടു പിൻവലിച്ചു. വിവരാവകാശ നിയമപ്രകാരം ചിലർ ഗണേഷിന്റെ വിദ്യാഭ്യാസയോഗ്യതയുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. നാലാമത് തവണയാണ് ഗണേഷ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.