10 June, 2020 05:32:25 PM


ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് തന്ത്രി; കത്ത് ലഭിച്ചില്ലെന്ന് ദേവസ്വം ബോർഡ്



തിരുവനന്തപുരം:  കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് തന്ത്രി മഹേഷ് മോഹനര്. മിഥുനമാസ പൂജകൾക്ക് ഭക്തരെ പ്രവേശിപ്പിക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെയാണ്  തന്ത്രി കത്ത് നൽകിയത്. ലോക്ക്ഡൗണിന്‍റെ തുടക്കം മുതലുള്ള നിയന്ത്രണം ഇനിയും തുടരണമെന്നാണ് കണ്ഠരര് മഹേഷ് മോഹനര് ദേവസ്വം കമ്മീഷണർക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്. എന്നാൽ തന്ത്രിയുടെ കത്ത് തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്ന നിലപാടിലാണ് ദേവസ്വം ബോർഡ്. 


രോഗബാധയുള്ള ആരെങ്കിലും ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുത്താൽ എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യം ഉണ്ടാകും. ഇത് ഗുരുതര പ്രതിസന്ധി ഉണ്ടാക്കും എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ വിവിധ തന്ത്രി കൂട്ടായ്മകൾക്ക്  വിശ്വാസികളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ വ്യത്യസ്ത നിലപാടാണുള്ളത്. തങ്ങളുടെ നിലപാട് അറിയിച്ചുകൊണ്ട് ഇവർ ദേവസ്വം ബോർഡിന് നേരത്തെ കത്ത് നൽകിയിട്ടുണ്ട്. വിശ്വാസികളെ പ്രവേശിക്കുന്നതിനെ തന്ത്രിസമാജം എതിർക്കുകയാണ്. എന്നാൽ തന്ത്രി മണ്ഡലം നിയന്ത്രണങ്ങളോടെ വിശ്വാസികളെ പ്രവേശിപ്പിക്കാം എന്ന നിലപാടിലാണ്.


രോഗവ്യാപനപശ്ചാത്തലത്തിൽ വിശ്വാസികളെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് എതിരെ നേരത്തെ ബിജെപിയും സംഘപരിവാർ സംഘടനകളും രംഗത്ത് വന്നിരുന്നു. ദേവസ്വം ബോർഡിന്‍റെ സാമ്പത്തിക താൽപര്യമാണ് സർക്കാർ നടപ്പിലാക്കുന്നത് എന്നതായിരുന്നു ആരോപണം. ശബരിമലയിൽ വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിന് എതിരെ തന്ത്രി കുടുംബവും നിലപാട് സ്വീകരിച്ചതോടെ വിഷയം കൂടുതൽ സങ്കീർണമാകും. എന്നാല്‍ കത്ത് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K