09 June, 2020 09:03:18 PM


ദര്‍ശനം തുടങ്ങി; ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ആദ്യദിനം എത്തിയത് 300 ഭക്തര്‍




ഏറ്റുമാനൂർ: ലോക്ഡൗണില്‍ ഇളവ് നല്‍കിയതോടെ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഇന്നലെ മുതല്‍ ഭക്തർക്ക് പ്രവേശനം അനുവദിച്ചു. കർശന നിയന്ത്രണങ്ങളോടെയാണ് ഭക്തര്‍ക്ക് ദര്‍ശനമനുവദിച്ചത്. സാധാരണ ദിവസങ്ങളില്‍ പോലും രണ്ടായിരത്തിനുമുകളില്‍ ഭക്തര്‍ വന്നുപോകുന്ന ക്ഷേത്രത്തില്‍ ഇന്നലെ ആകെ എത്തിയത് മൂന്നൂറ് പേരാണ്. ഉച്ചയ്ക്ക് നട അടയ്ക്കും മുമ്പ് 246 പേരും വൈകിട്ട് 54 പേരുമാണ് ആദ്യദിവസം ദര്‍ശനത്തെത്തിയത്.  


ശബരിമല കഴിഞ്ഞാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ക്ഷേത്രമാണ് ഏറ്റമാനൂർ മഹാദേവക്ഷേത്രം. പുലർച്ചെ നാലിന് നടതുറന്നു. പടിഞ്ഞാറെ ഗോപുരം വഴി പ്രധാന കവാടത്തിലൂടെ മാത്രമാണ് ഭക്തരെ അകത്ത് പ്രവേശിപ്പിച്ചത്. തെർമൽ സ്കാനർ ഉപയോഗിച്ച്  വൈദ്യ പരിശോധന നടത്തി പേരും മേൽവിലാസവും ഫോൺ നമ്പറും . രേഖപ്പെടുത്തി.


ക്ലോക്ക് റൂമിന് സമീപം കൈകൾ വൃത്തിയാക്കുന്നതിനുള്ള സൗകര്യമെരുക്കിയിരുന്നു. ഒരേ സമയം 10 പേർക്ക് മാത്രമാണ് ദര്‍ശനത്തിന് അനുവാദം. ആറടി അകലം പാലിക്കണം, മുഖാവരണം ധരിച്ചവരെ മാത്രമാണ് അകത്തേക്ക് കയറ്റിവിട്ടത്. പൂജാസമയങ്ങളില്‍ ഭക്തരെ വെളിയില്‍ ഇറക്കിയിരുന്നു. നിര്‍മ്മാല്യ ദര്‍ശനത്തിനും മുന്‍കൂട്ടി നടയില്‍ വന്ന് നില്‍ക്കുന്ന പ്രവണത ഒഴിവാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K