08 June, 2020 07:44:40 PM


ഏറ്റുമാനൂര്‍ ക്ഷേത്രം നാളെ തുറക്കും: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രവേശനമില്ല



ഏറ്റുമാനൂര്‍: ലോക്ഡൌണില്‍ ഇളവുകള്‍ വരുത്തിയതോടെ കേരളത്തിലെ ആരാധാനാലയങ്ങളില്‍ നാളെ മുതല്‍ പ്രവേശനം. ചില ഹൈന്ദവസംഘടനകള്‍ ഉള്‍പ്പെടെ ഒരു വിഭാഗം ഇപ്പോള്‍ പ്രവേശനമുനുവദിക്കേണ്ടതില്ല എന്നു പറയുന്ന സാഹചര്യത്തിലാണ് നാളെ ക്ഷേത്രങ്ങള്‍ തുറക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലും നാളെ രാവിലെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. അതേസമയം പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും അറുപത് വയസിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനമനുവദിക്കില്ല.


കര്‍ശനനിയന്ത്രണങ്ങളോടെയാകും ദര്‍ശനത്തിന് സൌകര്യമൊരുക്കുക. രാവിലെ 4ന് നട തുറക്കും. നട തുറന്ന് കഴിഞ്ഞേ ഭക്തരെ അകത്തേക്ക് പ്രവേശിപ്പിക്കു. നേരത്തെ നിര്‍മ്മാല്യദര്‍ശനത്തിനായി നട തുറക്കും മുമ്പ് ശ്രീകോവിലിന് മുന്നില്‍ ഭക്തര്‍ കാത്ത് നില്‍ക്കുന്ന പ്രവണത ഉണ്ടായിരുന്നു. എന്നാല്‍ നാളെ മുതല്‍ നട തുറന്നതിനുശേഷം കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു മാത്രമായിരിക്കും അകത്തേക്ക്  പ്രവേശനമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരിബാബു പറഞ്ഞു.

ക്ഷേത്രത്തില്‍ ഭക്തര്‍ക്കുള്ള പ്രധാന നിയന്ത്രണങ്ങള്‍ ഇങ്ങനെ.


#    പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും അറുപത് വയസിന് മുകളിലുള്ളവര്‍ക്കും ക്ഷേത്രമതില്‍ക്കകത്ത് പ്രവേശനമില്ല.
#    പടിഞ്ഞാറെനടയിലും കിഴക്കേനടയിലും കൈകാലുകള്‍ കഴുകാനുള്ള സംവിധാനമുണ്ടാകും. സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകാലുകള്‍ ശുചീകരിച്ചശേഷമേ അകത്ത് പ്രവേശിക്കാവു.
#    മാസ്ക് ധരിക്കാത്തവരെ ഉള്ളില്‍ പ്രവേശിപ്പിക്കില്ല.
#    ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കും മുമ്പ് രജിസ്റ്ററില്‍ പേരും വിലാസവും മറ്റും രേഖപ്പെടുത്തണം.
#    പത്ത് പേര്‍ക്ക് മാത്രമാണ് ഒരേ സമയം ഉള്ളില്‍ പ്രവേശിക്കാനനുമതിയുള്ളത്.
#    സാമൂഹികഅകലം പാലിക്കണം. ഇതിനായി കൃത്യമായ അകലത്തില്‍ വരിനില്‍ക്കാനുള്ള മാര്‍ക്കുണ്ടാകും.
#    പടിഞ്ഞാറെ നടയില്‍ കൊടിമരചുവട്ടിലൂടെ അകത്ത് പ്രവേശിച്ച് കിഴക്കേനടയിലൂടെ പുറത്തിറങ്ങണം. തുടര്‍ന്ന് ക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്ത് കൃഷ്ണന്‍ കോവിലില്‍ എത്താം.
#    കൃഷ്ണന്‍കോവിലിന്‍റെ കിഴക്കേനടയിലൂടെ ഉള്ളില്‍ പ്രവേശിച്ച് ഗണപതി കോവിലിനുമുന്നിലെ വടക്കേവാതിലിലൂടെ ക്ഷേത്രമൈതാനത്ത് എത്തി മടങ്ങണം.
#    വഴിപാടുകള്‍ നടത്തുന്നത് കോവിഡ് വ്യാപനം തടയുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം.
#    ക്ഷേത്രത്തിനുള്ളിലോ പരിസരിത്തോ കൂട്ടംകൂടിനില്‍ക്കുന്നത് ഒഴിവാക്കണം. ദര്‍ശനത്തിനുശേഷം ക്ഷേത്രത്തിനുള്ളില്‍ തങ്ങാന്‍ അനുവദിക്കില്ല.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K