30 May, 2020 09:53:56 AM


ഉത്ര വധം: സര്‍പ്പകോപമെന്ന അന്ധവിശ്വാസം മാറ്റി കേസ് വഴിതിരിച്ചത് വാവാ സുരേഷ്



കൊല്ലം: സര്‍പ്പകോപമെന്ന നിലയില്‍ അന്ധവിശ്വാസത്തോടെ പ്രചരിച്ച ഉത്രയുടെ കൊലപാതകം അന്വേഷണ വഴിയിലേക്ക് എത്തിച്ചത് വാവ സുരേഷ്. അഞ്ചലില്‍ യുവതിയെ രണ്ടാമതും പാമ്പ് കടിച്ചതും മരണപ്പെട്ടതും വാര്‍ത്തകളിലൂടെ അറിഞ്ഞ വാവാ സുരേഷിന് അന്നേ സംശയമുണ്ടായിരുന്നു. ഉത്രയുടെ ബന്ധുക്കളെ ബന്ധപ്പെട്ട് ഇത് സാധാരണ സംഭവമല്ലെന്നും പൊലീസില്‍ കേസ് കൊടുക്കണമെന്നും അറിയിച്ചതും വാവ സുരേഷാണ്. സുരേഷ് അഞ്ചലിലെ ഉത്രയുടെ വീട്ടിലുമെത്തി പാമ്പ് കടന്നുവെന്ന് പറയുന്ന എല്ലാ സാഹചര്യങ്ങളും കളവാണെന്ന് ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരുന്നു.


അന്വേഷണ സംഘം ഇന്നലെ വാവ സുരേഷിനെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി. മണിക്കൂറുകളോളം സുരേഷുമായി സംസാരിച്ച്‌ പാമ്പുകളുടെ ഓരോ രീതികളും മനസിലാക്കി. ഉത്രയെ കടിച്ചത് മൂര്‍ഖന്‍ പാമ്പാണ്. എന്നാല്‍ മൂര്‍ഖന്‍ പാമ്പിനെ ഉത്രയുടെ ശരീരത്തിലേക്ക് കുടഞ്ഞിട്ടാലും അത് രക്ഷപെടാനേ ശ്രമിക്കുകയുള്ളൂവെന്നും കടിയ്ക്കുന്നതിനുവേണ്ടി സൂരജ് മറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടാകുമെന്നും വാവ സുരേഷ് മൊഴിനല്‍കി.


കേസില്‍ സാക്ഷിപ്പട്ടികയിലും വാവ സുരേഷ് ഉള്‍പ്പെടുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഉത്രയെ അടൂരില്‍ വച്ചും പിന്നീട് അഞ്ചലില്‍ വച്ചും പാമ്പ് കടിച്ചത് പാമ്പിന്‍റെ പകയാണെന്ന നിലയിലായിരുന്നു ആദ്യ പ്രചരണങ്ങള്‍. സര്‍പ്പകോപത്തിന് പരിഹാരക്രിയകള്‍ നടത്തണമെന്നുപോലും ചിലര്‍ പറഞ്ഞതിനിടയിലേക്കാണ് തന്‍റെ അറിവുകള്‍ പങ്കുവയ്ക്കാന്‍ അന്ന് വാവാ സുരേഷ് മുതിര്‍ന്നതും രഹസ്യമാക്കിവയ്ക്കുമായിരുന്ന കൊലപാതകക്കേസ് തെളിയാന്‍ കാരണമായതും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K