27 May, 2020 12:11:16 PM
ഉത്രവധം: മരണം അറിഞ്ഞപ്പോള്‍ സംശയം തോന്നി - സുരേഷിന്‍റെ മകന്‍
കൊല്ലം: അഞ്ചല്‍ ഉത്രവധക്കേസിലെ പ്രതി സൂരജിനെതിരെ കൂടുതൽ വെളിപ്പെടുത്തല്‍. സൂരജിന് പാമ്പുകളെ നല്‍കിയത് തന്റെ അച്ഛൻ തന്നെയാണെന്ന് പാമ്പുപിടിത്തക്കാരന്‍ സുരേഷിന്റെ മകന്‍ എസ്.സനല്‍. മരണം അറിഞ്ഞപ്പോൾ തന്നെ സംശയം തോന്നിയിരുന്നുവെന്നും പൊലീസിനെ അറിയിക്കാൻ അച്ഛനോട് പറഞ്ഞിരുന്നുവെന്നും സനൽ പ്രതികരിച്ചു.
വെളിപ്പെടുത്തൽ ഇങ്ങനെ - പാമ്പിനെ കാണണമെന്ന് പറഞ്ഞാണ് ആദ്യം വിളിച്ചത്. പാമ്പുമായി ചെന്നപ്പോള്‍ ഒരുദിവസം പാമ്പിനെ വീട്ടില്‍ സൂക്ഷിക്കണമെന്ന് പറഞ്ഞു. പിറ്റേന്ന് പാമ്പ് ഇഴഞ്ഞുപോയെന്ന് പറഞ്ഞ് തിരികെ തന്നില്ല. രണ്ടാമത് 10,000 രൂപ നല്‍കി മൂര്‍ഖനെ വാങ്ങിയത് എലിയെ പിടിക്കാനെന്ന് പറഞ്ഞാണ്. ഉത്രയുടെ മരണം അറിഞ്ഞപ്പോഴെ സംശയം തോന്നിയിരുന്നു. പൊലീസിനെ അറിയിക്കാന്‍ അച്ഛനോടു പറഞ്ഞതാണ്. എല്ലാം തലയിലാകുമെന്ന് പറഞ്ഞ് അച്ഛൻ ഒഴിഞ്ഞുമാറുകയായിരുന്നു.
അതേസമയം, ഉത്രയുടെ മരണം പമ്പ് കടിയേറ്റത് മൂലം എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഉത്രയുടെ ഇടത് കൈയ്യില്‍ രണ്ട് പ്രാവശ്യം പാമ്പ് കടിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. വിഷം നാഡിവ്യൂഹത്തിനെ ബാധിച്ച് മരിച്ചതിനാല്‍ മുഖന്‍പാമ്പിന്‍റെ കടിയേറ്റ് മരിച്ചതായാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണസംഘം കൈപ്പറ്റിയത്. ഉത്രയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്കായി അയച്ചിട്ടുണ്ട്.