21 May, 2020 06:51:42 AM


പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവം: അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ



കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെ വീണ്ടും പാമ്പിന്റെ കടിയേറ്റ് യുവതി കിടപ്പുമുറിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ. ഏറം വെള്ളിശേരിൽ വീട്ടിൽ ഉത്ര (25) വീടിനുള്ളിൽ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാണ് ആവശ്യം. മകളെ അപായപ്പെടുത്തിയെന്നാണ് മാതാപിതാക്കളുടെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് പിതാവ് വിജയസേനൻ, അമ്മ മണിമേഖല എന്നിവർ അ‍ഞ്ചൽ സിഐക്ക് പരാതി നൽകി.


കഴിഞ്ഞ ഏഴിനു രാവിലെ കുടുംബവീട്ടിലെ കിടപ്പുമുറിയിലാണ് ഉത്രയെ അബോധാവസ്ഥയിൽ കാണപ്പെട്ടത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മുറിയിൽ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. മാർച്ച് 2ന് അടൂർ പറക്കോടെ ഭർതൃവീട്ടിൽ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമാണു മാതാപിതാക്കൾ താമസിക്കുന്ന കുടുംബവീട്ടിൽ എത്തിയത്.


പാമ്പുകടിയേറ്റ ദിവസം ഭർത്താവും മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്ത് കയറി എന്നത് അന്ന് സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാൽ രാത്രി ജനാല തുറന്നിട്ടിരുന്നതായാണ് ഭർത്താവ് വ്യക്തമാക്കിയത്.


ഇക്കാര്യങ്ങൾ വിശ്വസനീയമല്ലെന്ന് ഉത്രയുടെ മാതാപിതാക്കൾ പറയുന്നു. ഉറക്കത്തിൽ വിഷപ്പാമ്പ് കടിച്ചാൽ വേദന കാരണം ഉണരേണ്ടതാണ്. അതുണ്ടായില്ല. മകൾക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ പലതും കാണാനില്ലെന്നും ഭർത്താവിനെയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്യണമെന്നുമാണു രക്ഷിതാക്കളുടെ ആവശ്യം. അന്വേഷണം ആരംഭിച്ചതായി പൊലസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K