09 May, 2020 07:41:53 PM
കൊല്ലത്തെത്തിയ 19 പ്രവാസികളില്‍ 11 പേര്‍ നിരീക്ഷണകേന്ദ്രത്തില്‍; ഗൃഹനിരീക്ഷണത്തില്‍ 1400 പേര്‍
കൊല്ലം: വിമാനമാര്‍ഗം കൊച്ചിയിലും കോഴിക്കോടും എത്തിയ പ്രവാസികളില്‍ കൊല്ലം സ്വദേശികളായ 19 പേര്‍ ജില്ലയില്‍ എത്തി. റിയാദ് - കോഴിക്കോട്, അബുദാബി - കൊച്ചി ഫ്‌ളൈറ്റുകളിലാണ് ഇവരെത്തിയത്. 11 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കി. എട്ടുപേരെ ഗൃഹനിരീക്ഷണത്തില്‍ തുടരാന്‍ അനുവദിച്ചതായി നോഡല്‍ ഓഫീസറായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ് അറിയിച്ചു.
ജില്ലയില്‍ ഇന്ന് 75 പേരെ ഗൃഹനിരീക്ഷണത്തിലാക്കി. നാല് പേരെ ആശുപത്രി നിരീക്ഷണത്തിലാക്കി. 84 പേരെയാണ് ഗൃഹനിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയത്. ആശുപത്രിയില്‍ നിന്നും രണ്ട് പേരെയും ഒഴിവാക്കി. കോവിഡ് പോസിറ്റീവ് ആയ മൂന്ന് പേരും ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്.
ജില്ലയില്‍ ആകെ 20 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 16 പേരും ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിരുന്നു. ഫലം നെഗറ്റീവ് ആയതിനു ശേഷം ഒരാള്‍ മരണപ്പെട്ടിരുന്നു. ഗൃഹനിരീക്ഷണത്തില്‍ ഇപ്പോള്‍ 1400 പേരാണുള്ളത്. 20175 പേര്‍ ഇതിനകം ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആരോഗ്യവിഭാഗം ഇന്ന് 10476 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആറ് പേര്‍ക്ക് കൗണ്‍സിലിംഗ് നടത്തി. ശേഖരിച്ച് അയച്ച സാമ്പിളുകളില്‍ ഇനി 45 പേരുടെ ഫലം വരാനുണ്ട്.