05 May, 2020 04:45:45 PM
ഹോട്ട്സ്പോട്ടായി തെങ്കാശിയിലെ 'ലെമൺ സിറ്റി'; ഭീതി ഒഴിയാതെ കൊല്ലം ജില്ല
കൊല്ലം: 'ലെമൺ സിറ്റി' എന്നറിയപ്പെടുന്ന പുളിയങ്കുടി ഹോട്ട്സ്പോട്ടായതോടെ ഭീതിയൊഴിയാതെ കൊല്ലം ജില്ല. സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്നാട്ടിലെ നാരങ്ങ കൃഷിക്ക് പേരുകേട്ട പുളിയങ്കുടിയിൽ കോവിഡിനെ പിടിച്ചുകെട്ടാൻ കഴിയാത്ത നിലയിലാണ് കാര്യങ്ങളുടെ സ്ഥിതി. കൊല്ലം ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളുമായി ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്ന പുളിയങ്കുടിയിൽ നിന്നാണ് കേരളത്തിലെ വിവിധ മാര്‍ക്കറ്റുകളില്‍ നാരങ്ങ എത്തുന്നത്. ഇതുവരെ പുളിയങ്കുടിയില്‍ മാത്രം 50 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കേരള അതിർത്തിയായ ആര്യങ്കാവിനോട് ചേർന്ന പ്രദേശമാണ് പുളിയങ്കുടി. ഇവിടെ മരണവീട്ടിൽ പങ്കെടുത്ത് തിരികെയെത്തിയ കുളത്തൂപ്പുഴ സ്വദേശിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്ന് മറ്റ് മൂന്ന് പേർക്ക് രോഗം പകരുകയും ചെയ്തു. നാലു പേരും രോഗമുക്തി നേടിയെങ്കിലും ( ഒരാൾ മറ്റ് രോഗങ്ങളെ തുടർന്ന് പിന്നീട് മരിച്ചു) കുളത്തൂപ്പുഴയിലും ആര്യങ്കാവിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. സമൂഹ വ്യാപനം ഉറപ്പിച്ചുവെങ്കിലും കൂടുതൽ രോഗബാധിതരെ കണ്ടെത്താൻ തമിഴ്നാട് സർക്കാരിന് കഴിയുന്നില്ലെന്ന ആരോപണം ശക്തമാണ്.
അപകടകരമായ നിലയിലേക്കാണ് തമിഴ്നാട്ടിൽ പല സ്ഥലങ്ങളിലും രോഗ വ്യാപനത്തിന്റെ തോത്. തെങ്കാശി ഭാഗത്ത് മുഖാവരണം ധരിക്കാതെ സ്ത്രീകൾ കൂട്ടം ചേർന്ന് തൊഴിലുറപ്പ് പ്രവൃത്തികൾ ചെയ്യുന്നത് സാധാരണ കാഴ്ചയാണ്. ഗ്രാമങ്ങളിലെ ചെറിയ മാർക്കറ്റുകൾ പതിവുപോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. നിരോധനാജ്ഞ ഫലപ്രദമാകുന്നില്ലെന്നു മാത്രമല്ല പോലീസ് ഇടപെടുന്നുമില്ല. കേരളം രോഗമുക്തി നേടുമ്പോഴും അയൽ സംസ്ഥാനത്ത് ഇത്തരമൊരു നില തുടരുന്നത് മലയാളിക്കും തിരിച്ചടിയാണ്.
പുളിയങ്കുടിയിൽ 13 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത്. വനമേഖല വഴി ആളുകൾ അതിർത്തി കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഫോറസ്റ്റ് വകുപ്പ് പരിശോധനയും കർശനമാണ്. കേരളത്തിലേക്ക് പ്രവാസികൾ മടങ്ങി വരുന്നതിൽ സംസ്ഥാനം ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നുണ്ടെങ്കിലും തമിഴ്നാട്ടിലെ പുളിയംകുടി പോലുള്ള സംസ്ഥാനവുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന അയൽ സംസ്ഥാനങ്ങളുടെ കാര്യത്തിൽ ആശങ്ക ഒഴിയുന്നില്ല.