30 April, 2020 01:32:35 PM
കൊല്ലത്ത് മൂന്നു പേര്‍ രോഗമുക്തരായി; ചാത്തന്നൂര്‍ മേഖലയ്ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍
കൊല്ലം: അസുഖം സ്ഥിരീകരിച്ച് ആറാം ദിവസം രോഗം ഭേദമായ ചാത്തന്നൂര്‍ മീനാട് സ്വദേശി 47 വയസുള്ള ആരോഗ്യ പ്രവര്‍ത്തക ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് ആശ്വാസം പകര്‍ന്നു. ഇവരടക്കം ജില്ലയില്‍ മൂന്നു പേര്‍ കോവിഡ് ഭേദമായി ആശുപത്രി വിട്ടു. ഏഴാം ദിനം രോഗമുക്തി നേടിയ കുളത്തൂപ്പുഴ കുമരം കരിക്കം സ്വദേശിയായ 85 വയസുള്ള വയോധികയും ചികിത്സാരംഗത്ത് പ്രതീക്ഷയായി. തെങ്കാശി പുളിയംകുടിയില്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് തിരികെയെത്തിയ അയല്‍വാസിയും ഇപ്പോള്‍ ആശുപത്രിയില്‍ പരിചരണത്തിലുമുള്ള രോഗിയില്‍ നിന്നാണ് ഇവര്‍ക്ക് രോഗ പകര്‍ച്ചയുണ്ടായത്. ഏപ്രില്‍ 19 ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ച ഇവരുടെ സാമ്പിള്‍ ഏപ്രില്‍ 23ന് പോസിറ്റീവായി സ്ഥിരീകരിക്കുകയായിരുന്നു.
നിസാമുദ്ദീനില്‍ നിന്നും തിരികെയെത്തിയ നിലമേല്‍ കൈതോട് സ്വദേശി 52 വയസ്സുള്ളയാളാണ് മൂന്നാമത്തെയാള്‍. ഏപ്രില്‍ ഏഴിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തിക്ക് 23 ദിവസങ്ങള്‍ വേണ്ടി വന്നു. ഇദ്ദേഹത്തിന്റെ മകന് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചുവെങ്കിലും എട്ടാം ദിനം രോഗമുക്തി നേടിയിരുന്നു. മൂന്നു പേര്‍ കൂടി ആശുപത്രി വിട്ടതോടെ രോഗമുക്തി നേടിയവരുടെ എണ്ണം ഏട്ടായി. നിലവില്‍ 12 പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ ഉള്ളത്. സമൂഹ വ്യാപനം തടയുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗനിര്‍ണയം വേഗമാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
ചാത്തന്നൂരിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡെപ്യൂട്ടി കലക്ടര്‍ ആര്‍ സുമീതന്‍പിള്ളയെ ചാത്തന്നൂര്‍ മേഖല സ്പെഷ്യല്‍ ഓഫീസറായി ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. ചാത്തന്നൂര്‍, ചിറക്കര, കല്ലുവാതുക്കല്‍ പഞ്ചായത്തുകളും പരവൂര്‍ മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്ന മേഖലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് ചുമതല. നിലവില്‍ നാഷണല്‍ ഹൈവേ വിഭാഗം സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറാണ്. കോവിഡ് ലോക്ക് ഡൗണിന്റെ ഇളവുകളും നിര്‍ദേശങ്ങളും സംബന്ധിച്ച ചുമതലകൂടി നിര്‍വഹിച്ചു വരുന്നു.