29 April, 2020 08:00:35 PM
കൊല്ലത്ത് ഇന്ന് ആറ് പേര്‍ക്ക് കോവിഡ്; നാല് പേരും ചാത്തന്നൂരില്‍ നിന്ന്
കൊല്ലം: ജില്ലയില്‍ ആറ് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജാഗ്രത അതീവ കര്‍ശനമാക്കി. പോസിറ്റീവായ നാലു പേര്‍ ചാത്തന്നൂരുമായി നേരിട്ട് ബന്ധമുള്ളവരാണ്. ഒരാള്‍ ചാത്തന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ജംഗ്ഷന്‍ സ്വദേശികളുടെ ഒന്‍പതു വയസുള്ള മകനാണ്. രണ്ടാമത്തെ ആള്‍ കല്ലുവാതുക്കല്‍ പാമ്പുറം സ്വദേശിയും (41 വയസ്) ചാത്തന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയുമാണ്. ചാത്തന്നൂര്‍ എം സി പുരം നിവാസിയായ 64 കാരനാണ് മൂന്നാമന്‍. തൃക്കോവില്‍വട്ടം മുഖത്തല സ്വദേശിയും (52 വയസ്) ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയുമാണ് നാലാമത്തെ ആള്‍.
കുളത്തൂപ്പുഴ സ്വദേശിയായ 73 കാരനാണ് അഞ്ചാമന്‍. ആറാമത്തെ പോസിറ്റീവ് കേസ് ഓഗ്മെന്‍റഡ് സര്‍വെയ്‌ലന്‍സിന്‍റെ ഭാഗമായി കണ്ടെത്തിയ ആന്ധ്ര സ്വദേശിയായ 28 കാരനാണ്. അതേസമയം, കൊല്ലം ചാത്തന്നൂരിൽ രോഗം വലുതായി പടരുന്നു എന്ന പ്രചാരണമുണ്ടെന്നും എന്നാൽ അത്തരം അവസ്ഥയില്ലെന്നും മുഖ്യമന്ത്രി പഇണറായി വിജയന്‍ പറഞ്ഞു. കേരളത്തിൽ കോവിഡ് 19ന്‍റെ സാമൂഹ്യവ്യാപനം സംഭവിച്ചെന്ന വ്യാജവാർത്ത ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമൂഹവ്യാപനം പ്രതിരോധിക്കുന്നതിനായി ജില്ലയില്‍ ആരംഭിച്ച ഓഗാമെന്‍റഡ് സാമ്പില്‍ പരിശോധനയും സെന്‍റിനല്‍ സര്‍വൈലന്‍സും ഫലപ്രദം. ശേഖരിച്ച 200 ഓഗ്മെന്‍റഡ് സാമ്പിളുകളില്‍ ഒന്നാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത ആന്ധ്രാ സ്വദേശിയുടേത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ ഒരാളുടെ സാമ്പിളായി എടുത്തത് ആന്ധ്രാ സ്വദേശിയായ മീന്‍ വില്പനക്കാരന്‍റേതായിരുന്നു. ഏപ്രില്‍ 22 ന് ജില്ലയിലെത്തിയ ഇയാളെ പൊലിസ് 24 ന് ഓച്ചിറ സത്രത്തില്‍ എത്തിക്കുകയായിരുന്നു. ജില്ലയില്‍ കോവിഡ് പോസിറ്റീവിന്‍റെ എണ്ണം കൂടുന്നുവെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും വിവരങ്ങള്‍ മറയ്ച്ചു വയ്ക്കുമായിരുന്ന ആളുകളെയാണ് ഓഗ്മെന്റഡ് സെന്റിനല്‍ സര്‍വെയ്‌ലന്‍സിലൂടെ കണ്ടെത്താന്‍ കഴിഞ്ഞത്.
അതുപോലെ സെന്റിനല്‍ സര്‍വെയ്ലന്‍സില്‍ എടുത്ത സാമ്പിള്‍ പരിശോധനയിലാണ് ചാത്തന്നൂരിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇവരെ സാമ്പിള്‍ പരിശോധനയില്‍ പോസിറ്റീവായതോടെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചു ചികിത്സ നല്‍കുകയാണ്. കേസുകളുടെ എണ്ണം കൂടുന്നുവെങ്കിലും കൃത്യമായ ഇടപെടല്‍ നടത്തുകയും സമൂഹത്തില്‍ കോവിഡ് 19 രോഗബാധ തടയാനും സാധിച്ചതിന്റെ ആശ്വാസത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040 (വാട്സ് ആപ് മാത്രം),1056 (ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.