27 April, 2020 04:38:21 PM
സ്വകാര്യ റൈസ്മില്ലിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 400 കിലോ റേഷനരി പിടികൂടി
കൊട്ടാരക്കര : കൊട്ടാരക്കര ചെന്തറ മുക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഫ്ലവർ മില്ലിൽ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന 400 കിലോ റേഷനരി പിടികൂടി. കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസർ എസ്.എ സെയ്ഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് സർക്കാരിന്റെ തന്നെ റേഷൻ ചാക്കിൽ സൂക്ഷിച്ച നിലയിൽ അരി കണ്ടെത്തിയത്.
കൊറോണ കാലത്ത് സർക്കാർ സൗജന്യമായി നൽകിയ റേഷനരിയാണ് അനധികൃതമായി മില്ലിലെത്തിയത്. റേഷൻ കാർഡ് ഉടമകളിൽ നിന്നും ചെറിയ വിലയ്ക്ക് വാങ്ങിയതെന്നാണ് മില്ലുടമ മൊഴി നൽകിയത്. റേഷനരി പൊടിച്ച് അരിമാവാക്കി വില്പന നടത്തുവാനാണ് ഇയാൾ റേഷനരി വാങ്ങി കൂട്ടിയതെന്നാണ് അറിയുന്നത്.
സംഭവത്തെ കുറിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും തുടർന്ന് മില്ലുടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ പശു, കോഴി, മറ്റ് വളർത്തു മൃഗങ്ങളുടെ ഫാമുകൾ, ഫ്ലവർ മില്ലുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്നും കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. പിടിച്ചെടുത്ത റേഷനരി തൊട്ടടുത്ത റേഷൻ കടയിലേക്ക് സൂക്ഷിക്കാനായി മാറ്റി.