25 April, 2020 09:50:07 PM
കനാലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു
കൊട്ടാരക്കര: അഞ്ചല്‍ മാവിളയില്‍ ഇടതുകര കനാലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൊല്ലം മയ്യനാട് പുല്ലിച്ചിറ അക്ഷയ ഭവനിൽ അക്ഷയ് എസ് ദാസ്( 18) ആണ് മരിച്ചത്. മയ്യനാട് വെള്ളമണൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അക്ഷയ്. അഞ്ചൽ മാവിളയിലെ ബന്ധുവീട്ടിലെ കല്യാണത്തിന് എത്തിയതായിരിന്നു അക്ഷയ്.
കുളിക്കാനിറങ്ങിയ അക്ഷയ് മുങ്ങി താഴുന്നത് കണ്ട് രക്ഷിക്കാനായി സുഹൃത്ത് മാവിള സ്വദേശി സഞ്ചു കനാലിലേക്ക് ചാടിയെങ്കിലും ഇയാളും മുങ്ങി താഴ്ന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാർ ഇയാളെ രക്ഷിച്ചു പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അടിയന്തിര ചികിത്സ നൽകി വിട്ടയച്ചു. അഞ്ചലിൽ നിന്നും പോലീസ് ആംബുലൻസ് എത്തിയപ്പോഴേക്കും നാട്ടുകാരിൽ ചിലർ അക്ഷയിനെ കാറിൽ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
അക്ഷയ് ഏറെ നേരം കനാലിൽ കിടന്നതായും പറയപ്പെടുന്നു. നാട്ടുകാരിൽ ചിലർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചപ്പോൾ ചിലർ തടഞ്ഞതായും ദൃക്സാക്ഷികള്‍ പറഞ്ഞു. കനാലിൽ നിന്ന് പുറത്തെടുത്ത അക്ഷയിനെ ആശുപത്രിയിൽ എത്തിക്കാൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപെടുന്നു. ഡാം തുറന്നിരിക്കുന്നതിനാൽ കനാലിൽ നല്ല ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ ഇറങ്ങി കുളിക്കുന്നത് നിയമ പരമായി തടഞ്ഞിട്ടുണ്ടങ്കിലും കണ്ണുവെട്ടിച്ച് വലിയ കനാലില്‍ കുട്ടികളും മുതിര്‍ന്നവരും കുളിക്കാനിറങ്ങുന്നുണ്ട്. വേനലും ലോക്ക്ഡൗണ്‍ അവധിയും കൂടിയായപ്പോള്‍ കനാലില്‍ കുളിക്കുവാനിറങ്ങുന്നത് നിരവധിയാളുകളാണ്.