25 April, 2020 07:23:56 PM


ഇടുക്കിയിൽ സർക്കിൾ ഇൻസ്പെക്ടർ അടക്കം മൂന്ന് പോലീസുകാർ നിരീക്ഷണത്തിൽ



തൊടുപുഴ: ജില്ലയിൽ നാലുപേർക്കുകൂടി വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും വർധിക്കുന്നു. രോഗബാധിതരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും ഇവരുമായി ബന്ധപ്പെട്ടവരെയുമാണ് നിലവിൽ വീടുകളിലും ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലുമായി നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.
മണിയാറൻകുടിയിലെ കോവിഡ് ബാധിതനുമായി ബന്ധപ്പെട്ട് 17 പേരും മുട്ടത്ത് മൂന്നുപേരും നിരീക്ഷണത്തിലായി.


നെടുങ്കണ്ടം പുഷ്പകണ്ടത്തെ കണക്കുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചു വരുന്നതേയുള്ളൂ. ഇവർ കൂടുതൽ ആളുകളുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം. ഇവരുടെ അടുത്ത ബന്ധുക്കളോട് ക്വാറൻ്റയിനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.
ഏലപ്പാറയിൽ മകനും അമ്മയ്ക്കും രോഗം സ്ഥിരീകരിച്ച സംഭവത്തിൽ നേരിട്ട് ബന്ധമുള്ള 15 പേരും ഇവരുമായി ബന്ധപ്പെട്ട് 100-ലധികം പേരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.


കമ്പംമെട്ടിൽ രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിനിയെ നിരീക്ഷണത്തിലാക്കിയ പോലീസ് ഉദ്യോഗസ്ഥരടക്കം ഏഴുപേരാണ് ക്വാറൻ്റൈയിനിലായത്. കമ്പംമെട്ട് സിഐ, മൂന്ന് പോലീസ് ഉദ്യോഗസ്ഥർ, ഒരു ആരോഗ്യ പ്രവർത്തക, ഇവരുടെ ഭർത്താവ്, ഒരു പൊതുപ്രവർത്തകൻ എന്നിവരെയാണ് അവരവരുടെ വീടുകളിൽതന്നെ നിരീക്ഷണത്തിലാക്കിയത്. ആരോഗ്യ വകുപ്പ് തയാറാക്കിയ സമ്പർക്ക പട്ടികയിൽ 11 പേരാണുള്ളത്. ബാക്കിയുള്ള നാലുപേരെ ഡിഎംഒയുടെ നിർദേശത്തിനനുസരിച്ച് നിരീക്ഷണത്തിലാക്കും.

ജില്ലയിൽ നിലവിൽ 1419 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ ആറുപേർ ആശുപത്രിയിലും മറ്റുള്ളവർ വീടുകളിലും മറ്റു നിരീക്ഷണ കേന്ദ്രങ്ങളിലുമാണ്. ഇന്നലെമാത്രം 118 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. ജില്ലയിൽ നേരത്തെ രോഗം സ്ഥിരീകരിച്ചവരെല്ലാവരും സുഖം പ്രാപിക്കുകയും ആശുപത്രി വിടുകയും ചെയ്തിരുന്നെങ്കിലും ഇവരുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പലരേയും കഴിഞ്ഞദിവസമാണ് നിരീക്ഷണത്തിൽനിന്നു ഒഴിവാക്കിയത്. ഇതിനിടെയാണ് ജില്ലയിൽ നാലുപേർക്കുകൂടി കോവിഡ് സ്ഥിരീകരിക്കുന്നതും കൂടുതൽപേർ നിരീക്ഷണത്തിലായതും.


രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയിട്ടുള്ളവരുടെ സന്പർക്ക പട്ടിക ആരോഗ്യവകുപ്പ് തയാറാക്കിവരികയാണ്. ഇതനുസരിച്ച് വരുംദിവസങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും വർധിക്കാനാണ് സാധ്യത. അതേസമയം രോഗം ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ വ്യക്തമാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K