08 September, 2023 10:56:28 AM
മൂന്നാർ ടൗണിൽ ഗതാഗതം തടസപ്പെടുത്തിയ പടയപ്പയെ കാടുകയറ്റി
ഇടുക്കി: മൂന്നാർ ടൗണിൽ പടയപ്പ വീണ്ടുമെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ചുറ്റി കറങ്ങി നടക്കുകയായിരുന്ന പടയപ്പ ബുധനാഴ്ച രാത്രി കന്നിമല പാലത്തിന് സമീപത്തെ റോഡിലിറങ്ങി അരകിലോമീറ്ററോളം മൂന്നാർ ഭാഗത്തേക്ക് നടന്ന് പെരിയവരൈ മൈതാനത്തിന് സമീപമെത്തി റോഡിൽ നിലയുറപ്പിക്കുകയായിരുന്നു.
തുടർന്ന് ഗതാഗതം തടസ്സപ്പെട്ടതോടെ വനം വകുപ്പ് ദ്രുത പ്രതികരണ സേനയെത്തി (ആർ.ആർ.ടി) പടയപ്പയെ കാടുകയറ്റി. സ്ഥിരം സഞ്ചാര പാതയിലൂടെ മാത്രം സഞ്ചരിക്കുന്ന ആനയാണ് പടയപ്പ. പടയപ്പ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണെങ്കിലും അടുത്തിടെ പലതവണ റോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.