13 September, 2023 04:32:49 PM
വിവാഹമോചനത്തിന് സമ്മതമല്ലെന്ന് ഭാര്യ; കോടതിയില്‍ യുവതിക്ക് ഭര്‍ത്താവിന്‍റെ മർദ്ദനം
ഇടുക്കി: വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് തൊടുപുഴ കുടുംബ കോടതിയിലെത്തിയ യുവതിക്കും പിതാവിനും നേരെ ഭര്‍ത്താവിന്റെ അക്രമം. കൗണ്‍സില്‍ ഹാളില്‍ വച്ചാണ് മൂലമറ്റം സ്വദേശി ജുവലിനും പിതാവ് തോമസിനും നേരെയാണ് ഭര്‍ത്താവായ അനൂപിന്‍റെ അക്രമമുണ്ടായത്.
അനൂപ് ഫയല്‍ ചെയ്ത വിവാഹമോചന അപേക്ഷയില്‍ കൗണ്‍സിലിങ്ങിന് എത്തിയതായിരുന്നു ജുവലും പിതാവും. കൗണ്‍സിലിംഗില്‍ വിവാഹമോചനത്തിന് സമ്മതമല്ലെന്ന് ജുവല്‍ നിലപാടെടുത്തു. ഇതോടെയാണ് അക്രമമുണ്ടായതെന്നാണ് പരാതി.
കൗണ്‍സിലിംഗ് നടത്തുന്നവരും അഭിഭാഷകരും നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ അനൂപിനെതിരെ കേസെടുക്കാന്‍ കുടുംബ കോടതി തൊടുപുഴ പൊലീസിന് നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരുടെയും മൊഴി പൊലീസ് എടുത്തു. സംഭവ ശേഷം അനൂപ് ഒളിവില്‍ പോയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അതേസമയം ജുവല്‍ തോമസ് മര്‍ദ്ദിച്ചുവെന്ന പരാതിയുമായി അനൂപിന്റെ മാതാപിതാക്കളും പൊലീസിനെ സമീപിച്ചിട്ടുണ്ട്.