24 November, 2023 11:42:22 AM
ചിന്നക്കനാലിൽ കയ്യേറ്റമൊഴിപ്പിക്കൽ തുടങ്ങി; സിങ്കുകണ്ടത്ത് നാട്ടുകാരുടെ പ്രതിഷേധം
മൂന്നാർ: ഇടുക്കി ചിന്നക്കനാലിൽ കയ്യേറ്റമൊഴിപ്പിക്കാൻ വീണ്ടും ദൗത്യ സംഘമെത്തി. ചിന്നക്കനാൽ സിങ്കുകണ്ടത്താണ് ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമെത്തി സർവേ നടപടികൾ തുടങ്ങിയത്.
മുൻപ് നോട്ടീസ് നൽകിയ 12 പേരുടെ ഭൂമി ഏറ്റെടുക്കും. ആദിവാസി പുനഃരധിവാസ പദ്ധതിക്കായി വിതരണം ചെയ്യാൻ വെച്ച ഭൂമിയുൾപ്പടെ കയ്യേറിയെന്നുകാണിച്ചാണ് ഇവർക്ക് നോട്ടീസ് നൽകിയിരുന്നത്. സിങ്കുകണ്ടത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
സുഖമില്ലാത്ത വയോധികയുൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. കോടതിയലക്ഷ്യ നടപടിയിലേക്ക് കടക്കാതിരിക്കാൻ വേണ്ടിയാണ് ഒഴിപ്പിക്കൽ നടപടികൾ കൃത്യ സമയത്ത് നടത്തുന്നതെന്ന് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. പന്ത്രണ്ടുപേരുടെയും ഭൂമിയേറ്റെടുത്ത ശേഷം ദൗത്യസംഘം മടങ്ങും.