21 September, 2023 12:29:48 PM


വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍



അടിമാലി: വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തി യുവാവ്. സംഭവത്തില്‍ പള്ളിക്കവല മാണിപ്പുറത്ത് ജോയി മകന്‍ സനീഷ് എം.ജി(27) എന്നയാള്‍ പിടിയിലായി. നട്ടുവളര്‍ത്തി പരിപാലിച്ചു വന്നിരുന്ന രണ്ട് കഞ്ചാവ് ചെടികളും ഇയാളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തു. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

246 സെന്റീമീറ്റര്‍ നീളമുള്ള വലിയ ചെടിയും 66 സെന്റീമീറ്റര്‍ നീളമുള്ള മറ്റൊരു ചെടിയുമാണ് സനീഷിന്‍റെ വീട്ടില്‍ നിന്നും എക്സൈസ് സംഘം കണ്ടെത്തിയത്. ഇത്തരത്തില്‍ കഞ്ചാവ് ചെടി നട്ടു വളര്‍ത്തുന്നത് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്‍ കെയും സംഘവും ചേര്‍ന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന് രാജാക്കാട് പഴയ വിടുതി കോളനി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സനീഷ് പിടിയിലായത്. പ്രിവന്റീവ് ഓഫിസര്‍ പ്രദീപ് കെ. വി, ദിലീപ് എന്‍.കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് കെ.എം, ധനിഷ് പുഷ്പചന്ദ്രന്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സിമി ഗോപി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K