19 November, 2023 02:52:47 PM


സര്‍വീസ് ആരംഭിച്ച്‌ രണ്ടാം ദിവസവും റോബിൻ ബസില്‍ പരിശോധന



തൊടുപുഴ: സര്‍വീസ് ആരംഭിച്ച്‌ രണ്ടാം ദിവസവും റോബിൻ ബസില്‍ പരിശോധന. ഇന്ന് രാവിലെ തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് വച്ചാണ് റോബിനെ എംവിഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി തടഞ്ഞത്.

ഉദ്യോഗസ്ഥരോടൊപ്പം പൊലീസും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബസില്‍ നിരന്തരമായി പരിശോധന നടത്തിയതിന് പിന്നാലെ പിഴ ഈടാക്കുകയും ചെയ്തിരുന്നു. പതിവു പരിശോധനകളുടെ ഭാഗമായാണ് റോബിൻ ബസില്‍ പരിശോധന നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. 

പാസഞ്ചര്‍ ലിസ്റ്റിന്റെ മൂന്ന് പകര്‍പ്പ് വേണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെന്ന് ബസ് ഉടമ ഗിരീഷ് പറഞ്ഞു. 'വണ്ടി താമസിപ്പിക്കാനാണ് എംവിഡിയുടെ നീക്കം. വണ്ടി വൈകിപ്പിച്ചാല്‍ കൃത്യസമയത്ത് എത്തില്ലല്ലോ എന്ന ഭയം യാത്രക്കാരിലുണ്ടാകും. സമയത്ത് എത്തിക്കാതിരിക്കാൻ, കെഎസ്‌ആര്‍ടിസിയ്ക്കു വേണ്ടി ഇവര്‍ ചെയ്യുന്നതാണ്' -ഗിരീഷ് മാദ്ധ്യമങ്ങളോടു പ്രതികരിച്ചു.

പത്തനംതിട്ടയില്‍ നിന്ന് റോബിൻ സര്‍വീസ് ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുൻപ് പത്തനംതിട്ട- കോയമ്ബത്തൂര്‍ സര്‍വീസ് ആരംഭിക്കുന്ന കെഎസ്‌ആര്‍ടിസി വോള്‍വോ ബസിന് പെര്‍മിറ്റില്ലെന്ന് ഗിരീഷ് വെളിപ്പെടുത്തി. 'അര്‍ബൻ റോഡ് ട്രാൻസ്‌പോര്‍ട്ടിന് വേണ്ടി മാത്രം നല്‍കിയിരിക്കുന്ന വണ്ടിയാണ് അതെന്നും അദ്ദേഹം പറഞ്ഞു. ഏത് ജില്ലയിലാണോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, ആ ജില്ല വിട്ട് പുറത്തുപോകാൻ അവകാശമില്ല. ഇല്ലെങ്കില്‍ അവര്‍ പറയട്ടേ. ആ ബസാണ് എന്നോടുള്ള വാശിക്ക് ഇന്റര്‍സ്റ്റേറ്റ് ഓടാൻ പോയിരിക്കുന്നത്. അവര്‍ വാശികാണിക്കുന്നത് എന്നോടല്ല, ജനങ്ങളോടാണ്'-ഗിരീഷ് വിമര്‍ശിച്ചു.

കോണ്‍ട്രാക്‌ട് കാര്യേജ് ബസാണ് റോബിനെന്നും ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളില്‍ ഇത്തരം ബസുകള്‍ക്ക് ഡെസ്റ്റിനേഷൻ ബോര്‍ഡ് (യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്ഥലം) വയ്ക്കാനും ഇടയ്ക്ക് യാത്രക്കാരെ കയറ്റാനും അനുവാദമില്ലെന്നും പറഞ്ഞായിരുന്നു എം.വി.ഡി നടപടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K