13 November, 2023 03:26:00 PM
ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞു കാണാതായവര്‍ക്കായി തിരച്ചിൽ തുടരുന്നു
ഇടുക്കി: ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞു കാണാതായവർക്കുള്ള തിരച്ചിൽ ഇന്ന് രാവിലെ 11മണിയോടെ പുനരാരംഭിച്ചു. സ്കൂബ ടീമാണ് തിരച്ചിൽ നടത്തുന്നത്. എറണാകുളം, തൊടുപുഴ ടീമുകൾ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
301 കോളനി നിവാസികളായ ഗോപി, സജീവ് എന്നിവരെയാണ് വള്ളം മറിഞ്ഞ് കാണാതായത്. ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. പൂപ്പാറ ടൗണിൽ പോയി സാധനങ്ങൾ വാങ്ങിയ ശേഷം ആനയിറങ്കലിലെത്തിയ ഇരുവരും 12 ഓടെ ജലാശയത്തിലൂടെ വള്ളത്തിൽ 301 കോളനിയിലേക്ക് മടങ്ങി. 301 കോളനിയിൽ സജീവന്‍റെ വീടിന്‍റെ താഴ് ഭാഗത്ത് എത്തിയപ്പോൾ വള്ളം മറിഞ്ഞു.
വെള്ളത്തിൽ വീണ ഗോപി ഉടൻ മുങ്ങി താഴ്ന്നു. കരയിലേക്ക് നീന്തി കയറാൻ ശ്രമിച്ച സജീവന്‍റെ നിലവിളി ശബ്ദം ഇദ്ദേഹത്തിന്‍റെ മരുമകൻ രഞ്ജിത്ത് കേട്ടിരുന്നു. രഞ്‌ജിത്ത് ഓടിയെത്തിയപ്പോഴേക്കും സജീവനും മുങ്ങിത്താഴ്ന്നു. ഇരുവർക്കും വേണ്ടി മൂന്നാർ ഫയർഫോഴ്സ് അംഗങ്ങൾ 5 മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
വൈകിട്ട് 5 ന് തൊടുപുഴയിൽ നിന്നുള്ള സ്കൂബ ടീമംഗങ്ങളും സ്ഥലത്തെത്തി. സ്കൂബ ടീമിന്‍റെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സമീപത്ത് കാട്ടാനക്കൂട്ടം നിൽക്കുന്നതിനാലും ഇരുട്ട് വീണതിനാലും രാത്രി ഏഴരയോടെ ഇന്നലെ സംഘം തിരച്ചിൽ അവസാനിപ്പിച്ചിരുന്നു.