15 September, 2023 04:19:30 PM


ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച: പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് ബന്ധുക്കൾ



ഇടുക്കി: ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് ഇടുക്കി എസ്‌പി വിയു കുര്യാക്കോസ്. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുക. 

പ്രതിയെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ശ്രമങ്ങൾ ഊർജ്ജമാക്കിയെന്നും ലുക്കൗട്ട് നോട്ടീസ് ഉടൻ പുറപ്പെടുവിക്കുമെന്നും എസ്‌പി കുര്യാക്കോസ് അറിയിച്ചു. അതേസമയം പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി ബന്ധുക്കൾ പറഞ്ഞതായും കേസിൽ തീവ്രവാദ ബന്ധത്തിന് നിലവിൽ തെളിവുകളില്ലെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

ഒറ്റപ്പാലം സ്വദേശി മുഹമ്മദ് നിയാസാണ് കേസിലെ പ്രതി. ഇയാൾ ഡാമിൽ കടന്ന സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആറ് പൊലീസുകാരെ ഇന്നലെ സസ്പെന്‍റ് ചെയ്തിരുന്നു. ഇടുക്കി ആർ ക്യാമ്പിലെ പോലീസുകാരായ രാജേഷ് കെ, ബിനോജ് വി എ, അബ്ദുൾ ഗഫൂർ, സുരേന്ദ്രൻ  പി ആർ, അജേഷ് കെ ജി, മനു ഒ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. 

സന്ദർശകരെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് കടത്തി വിടേണ്ടത്. എന്നാൽ മുഹമ്മദ് നിയാസിനെ പരിശോധനകൾ ഇല്ലാതെ കടത്തി വിട്ടുവെന്ന് അഡീഷണൽ എസ്‌പി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം പ്രതി വിദേശത്തേക്ക് കടന്നിരുന്നു. 

ചെറുതോണിയിൽ നിന്നാണ് ഇയാൾ താഴുകൾ വാങ്ങിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജൂലൈ 22നാണ് മുഹമ്മദ് നിയാസ് സന്ദർശക പാസ് എടുത്ത് ഡാമിൽ കയറിയത്. പിന്നീട് 11 ഇടങ്ങളിൽ താഴിട്ട് പൂട്ടുകയായിരുന്നു. തുടർന്ന് ഷട്ടറുകളുടെ റോപ്പിൽ ദ്രാവകം ഒഴിക്കുകയായിരുന്നു. ഡാമിന് കേടുപാട് സംഭവിച്ചില്ലെന്നാണ് വിദഗ്ദ്ധ പരിശോധനയിൽ വ്യക്തമായത്. സംഭവത്തിൽ മിലിറ്ററി ഇൻറലിജൻസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K