01 October, 2023 04:46:51 PM
ഇടുക്കിയിലെ അഞ്ച് വിദേശമദ്യ വില്‍പ്പനശാലകളില്‍ വന്‍ ക്രമക്കേട് കണ്ടെത്തി വിജിലന്‍സ്
തൊടുപുഴ: ഇടുക്കിയിൽ അഞ്ച് ബിവറേജസ് ഔട്ട്ലെറ്റുകളിൽ ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ മൂൺലൈറ്റിന്റെ ഭാഗമായി വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് ഉപ്പുതറ, കൊച്ചറ, മൂന്നാർ, പൂപ്പാറ, രാജാക്കാട് എന്നിവിടങ്ങളിലെ വിദേശമദ്യവില്‍പ്പനശാലകളില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയത്. ഉപ്പുതറ, കൊച്ചറ, മൂന്നാർ എന്നീ ഔട്ട്ലെറ്റുകളിൽ നിന്നായി കണക്കിൽ പെടാത്ത 21,907 രൂപ കണ്ടെത്തി. പൂപ്പാറ, രാജാക്കാട് ഔട്ട്ലെറ്റുകളിൽ 14,359 രൂപയുടെ കുറവും കണ്ടെത്തി.
മദ്യം പൊതിയാൻ പത്രം വാങ്ങിയതിലും ക്രമക്കേട് കണ്ടെത്തി. 23032 രൂപയുടെ പത്രക്കെട്ടുകൾ വാങ്ങിയതായും എന്നാൽ ആർക്കും മദ്യം പൊതിഞ്ഞു കൊടുത്തിട്ടില്ലെന്നുമാണ് കണ്ടെത്തൽ. എക്സൈസ് ഉദ്യോഗസ്ഥർ കൃത്യമായി പരിശോധന നടത്തുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. രേഖകളില്ലാതെ ദിവസ വേതനാടിസ്ഥാനത്തിൽ രണ്ടുപേർ ജോലി ചെയ്യുന്നതായും പരിശോധനയിൽ കണ്ടെത്തി. സംസ്ഥാനത്താകെ നടന്ന മിന്നല്‍പരിശോധനയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.