25 April, 2020 01:34:18 PM
'ലാത്തി പിടിക്കാനല്ല ഭാരം ചുമക്കാനും ഞങ്ങള്‍ക്കാകും'; മാതൃകയായി കടയ്ക്കല്‍ പോലീസ്
- സജീഷ് വടമണ്‍
കൊട്ടാരക്കര: പേരും പഴിയും കേട്ട് മടുത്ത പോലീസില്‍ സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ഉത്തമ മാതൃകയാവുകയാണ് കടയ്ക്കല്‍ ജനമൈത്രീ പോലീസ്. കടയ്ക്കല്‍ ജനമൈത്രീ പോലീസ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും ബോധവല്‍ക്കരണത്തിലും മാത്രമല്ല കോവിഡ് മഹാമാരിയില്‍ ഒറ്റപ്പെട്ട് പോയ പാവപ്പെട്ടവര്‍ക്കും തുണയാകുന്നു.
കോളനികളും തുരുത്തുകളും ഏറെയുള്ള കടയ്ക്കല്‍ മേഖലയില്‍ ഒറ്റപ്പെട്ട് പോയവര്‍ക്ക് ആശ്വാസമാവുകയാണിവര്‍. നിരവധി രോഗങ്ങള്‍ക്ക് മുടങ്ങാതെ മരുന്ന് കഴിക്കേണ്ടവര്‍ക്ക് അറിയിച്ചാല്‍ മരുന്നുമായി ഇവരെത്തും. നിരവധി പാവങ്ങള്‍ക്ക് ഇതിനകം മരുന്നെത്തിച്ചുകഴിഞ്ഞു. അവശ്യവസ്തുക്കളുടെ ക്ഷാമവും കടകളിലെത്തി സാധധങ്ങള്‍ വാങ്ങാനുള്ള സാമ്പത്തികമില്ലായ്മയും മൂലം പട്ടിണിയിലായ നിരവധി കുടുംബങ്ങള്‍ക്കാണ് ഇവര്‍ തലച്ചുമടായി അരിയും പലവ്യജ്ഞനങ്ങളും എത്തിച്ചത്.
വാഹനങ്ങള്‍ കടന്നു ചെല്ലാത്ത സ്ഥലങ്ങളിലേയ്ക്ക് തലച്ചുമടുമായി പോലീസെത്തിയത് പലര്‍ക്കും കൗതുകമായി. പ്രായാധിക്യമുള്ളവര്‍, നിത്യരോഗികളായി കിടപ്പിലായവര്‍ തുടങ്ങിയവര്‍ പോലീസിന്റെ നന്മ നിറഞ്ഞ ഈ പ്രവര്‍ത്തിക്ക് കണ്ണീരോടെ നന്ദി പറഞ്ഞു. കടയ്ക്കല്‍ ജനമൈത്രി പോലീസിലെ എഎസ്ഐ പ്രശാന്ത്, സിപിഓമാരായ സുമേഷ്, രജീഷ് എന്നിവരാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി പോലീസിനു മുഴുവന്‍ മാതൃകയാകുന്നത്.