21 April, 2020 10:26:23 PM
പൊലീസ് ജീപ്പ് കൈകാണിച്ച് നിർത്തി ലളിതമ്മ; അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി
കൊല്ലം: ചവറ തെക്കുംഭാഗം പൊലീസ് പട്രോളിങ്ങിന്റെ ഭാഗമായി അരിനല്ലൂർ കല്ലുംപുറം ജങ്ഷൻവഴി പോകുമ്പോഴാണ് ഒരു വയോധിക ജീപ്പിന് കൈകാണിച്ചത്. പരാതി പ്രതീക്ഷിച്ച് വണ്ടി നിർത്തിയ ഉദ്യോഗസ്ഥരെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു തേവലക്കര അരിനല്ലൂർ കല്ലുംപുറത്ത് ലളിതമ്മ എന്ന എഴുപതുകാരി. ''സാറേ എനിക്കും മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് സഹായിക്കണം'' എന്നായിരുന്നു അവരുടെ വാക്കുകൾ കേട്ട പോലീസുകാര്‍ ആദ്യം ഒന്നമ്പരന്നു.
തങ്ങള്‍ പോയിട്ട് തിരികെ വരാമെന്ന് ഉറപ്പുനൽകിപ്പോയ പൊലീസ് സംഘം പിന്നീട് ലളിതമ്മയുടെ വീട്ടിലെത്തി. താന്‍ സ്വരുകൂട്ടിവെച്ച 5101 രൂപ ലളിതമ്മ സ്റ്റേഷൻ ഓഫീസർ ആർ രാജേഷ്‌കുമാറിനെ ഏല്‍പ്പിച്ചു. കോവിഡ് വ്യാപനത്തിൽ ദുരിതമനുഭവിക്കുമ്പോൾ നാടിനു സഹായമേകാൻ തന്നാൽ കഴിയുന്ന സഹായമായാണ് ഈ തുകയെന്ന് ലളിതമ്മ പറഞ്ഞു.
കശുവണ്ടിതൊഴിലാളിയാണ് ലളിതമ്മ. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ലളിതമ്മയെ അഭിനന്ദിച്ച് രംഗത്തെത്തി. ഇതുപോലെ അനേകമാളുകൾ കാണിക്കുന്ന ത്യാഗസന്നദ്ധതയും സർക്കാരിൽ അർപ്പിക്കുന്ന വിശ്വാസവും ആണ് ഈ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിനു ഊർജ്ജം പകരുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.