16 April, 2020 08:01:47 PM


ലോക്ഡൗണില്‍ സ്വന്തം വീട് യജ്ഞശാലയാക്കി മാറ്റി ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിൽ




കായംകുളം: കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി ലോക്ഡൗണ്‍ ആരംഭിച്ചതോടെ സ്വന്തം വീട് യജ്ഞശാലയാക്കി മാറ്റിയിരിക്കുകയാണ് ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിൽ. ഭാഗവതസന്ദേശങ്ങളും പുരാണ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയുള്ള വിശകലനങ്ങളും ഭക്തര്‍ക്ക് എത്തിക്കുന്നതാകട്ടെ വാട്സ് ആപ്പിലൂടെയും. വീട്ടില്‍നിന്ന് പുറത്തിറങ്ങാതെയുള്ള ഈ യജ്ഞത്തിനായി 'ശ്രീ മഹാ ഭാഗവത കുടുംബം' എന്ന പേരില്‍ വാട്ട്സ് ആപ്പ്  കൂട്ടായ്മയും അദ്ദേഹം രൂപീകരിച്ചു. 


മാർച്ച്‌ 18 മുതൽ ഏപ്രിൽ 16 വരെയുള്ള 28 ദിവസം സുനില്‍  വീട്ടിൽ നിന്നു  പുറത്തിയിട്ടില്ല. രാവിലെ 5 മണിക്ക് ഉണർന്ന് നിത്യ കർമ്മങ്ങൾക്കു ശേഷം 6ന് കൈതപ്രം പാടിയ മള്ളിയൂർ സ്തുതിയോടെ ആരംഭിക്കുന്ന സപര്യ രാത്രി 11ന് ഹരിവരാസനത്തോടെ ആണ് പൂർത്തീകരിക്കുന്നത്.  ലളിതാസഹസ്രനാമം, വിഷ്ണുസഹസ്രനാമം, ദൈവദശകം, മാതൃ പഞ്ചകം, ആത്മോപദേശ ശതകം, ജനനീ നവരത്ന മഞ്ജരി, ഗുരുഗീത, നാരായണീയം, ഭഗവത് ഗീത, ശിവപുരാണം, ഭാഗവതം, സുബ്രഹ്മണ്യ ഭുജംഗം, ഐതരേയ - കഠ ഉപനിഷത്തുകൾ, അനുകമ്പദശകം, നിർവ്വാണ അഷ്ടകം എന്നിവയുടെ വിശകലനങ്ങൾ രാത്രി 11 വരെ സുനിൽ തുടരുന്നു. 


വീട്ടിൽ ശ്രോതാക്കളായി ഭാര്യ ഡോ. ഷീലയും മക്കൾ ശ്രീഹരിയും ശ്രീലക്ഷ്മിയും. രണ്ടാമത്തെ മകൾ ശ്രീരമ ഭർത്താവ് വിവേകിന്റെ ചിറയിൻകീഴ് ശാർക്കരയിലെ വീട്ടിലാണ്. ലോക്ക് ഡൌൺ തീരുന്നത് വരെ തന്‍റെ സപര്യ തുടരുമെന്നാണ് സുനില്‍ പറയുന്നത്. 4 യജ്ഞങ്ങൾ ലോക്ക് ഡൌൺ കാലത്ത് മുടങ്ങിയെങ്കിലും ഈ ഉദയാസ്തമയ കർമ്മം നടത്തുന്നതിനാൽ സുനിലിനെ അത് ബാധിച്ചിട്ടില്ല. രാവിലെ 9 മുതൽ ദൂരദർശനിലെ രാമായണം കാണാൻ മാത്രമുള്ള സമയം മാത്രമാണ് ഇടവേള. 


മാതാപിതാക്കളുടെയും ഭാഗവത ഹംസം മള്ളിയൂർ തിരുമേനിയുടെയും ശ്രീകൃഷ്ണന്റെയും ചിത്രങ്ങൾക്ക് മുന്നിൽ 5 കെടാവിളക്കുകൾ അണയാതെ തെളിഞ്ഞുകൊണ്ടിരിക്കുന്നു. വേദവ്യാസൻ, അഗസ്ത്യമുനി, കരുവാറ്റ സ്വാമി, ശ്രീ നാരായണ ഗുരുദേവൻ, ശ്രീ നീലകണ്ഠ ഗുരുപാദർ, സ്വാമി സത്യാനന്ദ സരസ്വതി, ശുഭാനന്ദ ഗുരുദേവൻ, ഭഗവാൻ സത്യ സായ് ബാബ, മാതാ അമൃതാനന്ദമയി ദേവി, ശ്രീ ശ്രീ രവിശങ്കർ എന്നിവരുടെ ചിത്രങ്ങൾ വിശാലമായ സ്വീകരണമുറിയിലുണ്ട്. ആയിരത്തിൽ അധികം പുസ്തകങ്ങൾ ശേഖരവും ഉണ്ട്. 'ശ്രീ മഹാ ഭാഗവത കുടുംബം' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ ആവാൻ ആഗ്രഹിക്കുന്നവർ 9447310712 എന്ന നമ്പറിൽ സന്ദേശം അയച്ചാൽ മതിയാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K