15 April, 2020 09:48:47 PM
ജീവിതത്തിലേയ്ക്ക് വഴിതെളിച്ച് കൊല്ലത്ത് 24 മണിക്കൂറും ആംബുലന്‍സുകള്‍
കൊല്ലം: കോവിഡ് 19 ജില്ലാതല നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ചികിത്സയ്ക്കു ശേഷം വീട്ടിലേക്കുള്ള യാത്രകളിലും തുണയാകുന്നത് ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിയന്ത്രണത്തിലുള്ള വാഹന ക്രമീകരണമാണ്. 22 ആംബുലന്‍സുകളും വിവിധ വകുപ്പുകളുടെ 21 യാത്രാ വാഹനങ്ങളും കോവിഡ് 19 പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു.
ആരോഗ്യ വകുപ്പിന്റെ 13 എണ്ണവും 108 ആംബുലന്‍സ് ആറെണ്ണവും സ്വകാര്യ ഉടമസ്ഥതയിലുള്ള മൂന്നെണ്ണവും ഉള്‍പ്പെടെ 22 ആംബുലന്‍സുകളാണ് സര്‍വീസ് നടത്തുന്നത്. പുനലൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികള്‍, കൊല്ലം ജില്ലാ ആശുപത്രി, പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് സാമ്പിള്‍ എടുക്കുന്നത്. ഇവിടേക്ക് യഥാസമയം രോഗികളെ എത്തിക്കുന്നതിന് ജില്ലാ ഭരണ കേന്ദ്രത്തില്‍ മാത്രം ആറ് ആംബുലന്‍സുകളാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളത്. ഇതു കൂടാതെ തൃക്കടവൂര്‍, ആര്യങ്കാവ്, പത്തനാപുരം, കൊട്ടാരക്കര, കുണ്ടറ, നെടുങ്ങോലം, നീണ്ടകര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഒന്‍പത് പഞ്ചായത്ത് ആസ്ഥാനങ്ങളിലുമായി എവിടെ കേസ് റിപ്പോര്‍ട്ട് ചെയ്താലും അരമണിക്കൂറിനുള്ളില്‍ ഓടിയെത്താന്‍ കഴിയുംവിധം ആംബുലന്‍സ് സേവനം ക്രമീകരിച്ചിരിക്കുന്നു.
ശേഖരിച്ച സാമ്പിളുകള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബയോടെക്‌നോളജിയിലാണ് പരിശോധിച്ച് ഫലം സ്ഥിരീകരിക്കുന്നത്. ഇതിനായി മൂന്ന് വാഹനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധനയ്ക്കായി അഞ്ച് വാഹനങ്ങള്‍ മൈഗ്രന്റ് സ്‌ക്രീനിംഗ് സ്‌ക്വാഡിന് നല്‍കിയിട്ടുണ്ട്. സംസ്ഥാന-ജില്ലാ അതിര്‍ത്തികളിലെ പരിശോധനയ്ക്കും ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കുമായി 12 വാഹനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഒന്നും വിവിധ വകുപ്പുകളുടെ 10 വാഹനങ്ങളും ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു വരുന്നു. ഫോര്‍മാന്‍ മെക്കാനിക്ക് രാമചന്ദ്രന്‍ നായര്‍ ലോജിസ്റ്റിക് കണ്‍ട്രോള്‍ വിഭാഗവും ജില്ലാ മലേറിയ ഓഫീസര്‍ എസ് ഐ ഷാജിലാല്‍ മൈഗ്രന്റ് സക്രീനിംഗും ജില്ലാ ലാബ് ടെക്‌നീഷ്യന്‍ സുധീര്‍ ആബുലന്‍സ് നിയന്ത്രണവും നിര്‍വഹിക്കുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ ആവശ്യാനുസരണം വാഹനങ്ങള്‍ ക്രമീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.