15 April, 2020 04:35:12 PM


പോലീസ് വാഹനം തടഞ്ഞെന്ന്; പിതാവിനെ ആശുപത്രിയില്‍ നിന്ന് ചുമന്ന് മകന്‍



കൊട്ടാരക്കര: ലോക്ഡൗണില്‍ ഉണ്ടായ അപ്രതീക്ഷിത ഗതാഗതക്കുരുക്കില്‍ വാഹനം പോലീസ് തടഞ്ഞതിനെതുടര്‍ന്ന് രോഗിയായ പിതാവിനെ ചുമന്ന് മകന്‍. പുനലൂരിലാണ് സംഭവം. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിതാവ് ഡിസ്ചാര്‍ജ് ആയതിനെതുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോരാനായി ഓട്ടോയുമായി എത്തിയ തന്നെ പോലീസ് തടഞ്ഞെന്നാണ് ഓട്ടോ ഡ്രൈവറായ മകന്‍റെ ആരോപണം. പിന്നീട് ആശുപത്രിയിലെത്തി തന്‍റെ ഓട്ടോയുടെ അടുത്തേക്ക് പിതാവിനെ എടുത്തോണ്ട് വരുന്ന കുളത്തൂപ്പുഴ സ്വദേശിയായ യുവാവിന്‍റെ ദൃശ്യങ്ങള്‍ ഇതിനിടെ വൈറലായി. 


നാല് ദിവസം മുമ്പാണ് കുളത്തൂപ്പുഴ സ്വദേശിയായ 65കാരൻ ചികിത്സ തേടി താലൂക്ക് ആശുപത്രിയിൽ എത്തിയത്. ചികിത്സയ്ക്ക് ശേഷം ഇന്ന് ഡിസ്ചാർജ് ആകുകയായിരുന്നു. ഡിസ്ചാർജ് ആയ പിതാവിനെ കൊണ്ടുപോകാൻ കുളത്തൂപ്പുഴയിൽ നിന്ന് ഓട്ടോയുമായി എത്തിയ മകനെ പൊലീസ് ലോക്ക്ഡൗൺ കാരണം പറഞ്ഞ് ആശുപത്രിയിലേക്ക് കടത്തിവിട്ടില്ലെന്നാണ് പറയുന്നത്. ആശുപത്രിയില്‍ നിന്നും പുനലൂർ തൂക്കു പാലത്തിനു സമീപം വരെ ഒരു ഓട്ടോറിക്ഷയില്‍ എത്തിച്ച പിതാവിനെ വാഹനം മുന്നോട്ട് പോകാനാകാത്ത അവസ്ഥ സംജാതമായതിനെതുടര്‍ന്ന്  തോളിലേറ്റി നടക്കുകയായിരുന്നു മകൻ. 


ഇന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ആയിരത്തോളം ഒപി ഉണ്ടായിരുന്നു. കൂടാതെ എല്ലാ ബാങ്കുകളിലും പെൻഷൻകാരും എത്തിയിരുന്നു. എല്ലാവരും വാഹനങ്ങൾ വിളിച്ച് ടൗണിലേക്ക് ഇറങ്ങിയതോടെ തിരക്ക് നിയന്ത്രിക്കാനാവാതെ പൊലീസ് നന്നേ ബുദ്ധിമുട്ടുകയായിരുന്നു. ഇതിനിടയിലാണ് ഈ സംഭവം. സത്യവാങ്മൂലം കാണിച്ചിട്ട് വിടാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി സൂപ്രണ്ടിന്‍റെ കൈയില്‍ നിന്നും കത്ത് എഴുതി വാങ്ങിച്ചു കൊണ്ടുവന്നിട്ടും വാഹനം കടത്തിവിടാന്‍ പോലീസ് തയ്യാറായില്ല. അവസാനം ഡിസ്ചാര്‍ജ് ചെയ്ത പിതാവിനെ ചുമന്നു കൊണ്ടുവരാന്‍ തയ്യാറാവുകയായിരുന്നുവെന്നാണ് യുവാവിന്‍റെ ആരോപണം. 


എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നാണെന്നാണ് പോലീസിന്‍റെ വിശദീകരണം. പോലീസ് വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി പുനലൂരിലെ തൂക്കുപാലത്തിനപ്പുറത്ത് വരെ മറ്റൊരു ഓട്ടോയിലും നടന്നുമായി വന്ന പിതാവിനെ യുവാവ് ചുമന്നതാണെന്നും പുനലൂര്‍ സിഐ ബിനു വര്‍ഗീസ് കൈരളി വാര്‍ത്തയോട് പറഞ്ഞു. രാവിലെ പത്തരയ്ക്ക് യുവാവ് ആശുപത്രി സൂപ്രണ്ടിന്‍റെ കയ്യില്‍ നിന്നും കത്ത് വാങ്ങിയെന്നാണ് പറയുന്നത്. എന്നാല്‍ തങ്ങള്‍ പതിനൊന്ന് മണിയ്ക്കു ശേഷമാണ് ഈ പ്രദേശത്ത് വാഹനപരിശോധന ശക്തമാക്കിയതെന്നും സിഐ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K