14 April, 2020 08:04:55 PM
റമസാനില്‍ ആരാധനാ കര്‍മ്മങ്ങള്‍ വീട്ടില്‍ നിന്ന് നിര്‍വഹിക്കണം: കേന്ദ്രസര്‍ക്കാര്‍
ദില്ലി: വിശുദ്ധ റമസാനില്‍ ഇസ്‌ലാം മത വിശ്വാസികള്‍ ആരാധനാ കര്‍മ്മങ്ങള്‍ വീട്ടില്‍ നിന്ന് നിര്‍വഹിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രന്യൂനപക്ഷ വകുപ്പു മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥന.
"ഈ മാസം 24ന് റമസാന്‍ ആരംഭിക്കുകയാണ്. പരിശുദ്ധ മാസത്തില്‍ ജനങ്ങള്‍ മസ്ജിദുകളിലാണ് ആരാധനാ കര്‍മ്മങ്ങള്‍ ചെയ്യാറുള്ളത്. എന്നാല്‍ ഇപ്പോള്‍ പ്രതിസന്ധിയുടെ സമയമാണ്. ലോകം മുഴുവന്‍ ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്. ഇക്കാര്യങ്ങള്‍ വഖഫ് ബോര്‍ഡുകളുമായും ഇമാമുമാരുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ഈ പവിത്ര മാസത്തില്‍ ആരാധനകള്‍ വീട്ടില്‍ തന്നെ ചെയ്യൂ എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നോമ്പു തുറകളും വീട്ടില്‍ തന്നെ നിര്‍വഹിക്കൂ" - നഖ്‌വി അഭ്യര്‍ത്ഥിച്ചു.
രാജ്യത്തെ കോവിഡ് പോസിറ്റീവ് കേസുകള്‍ പതിനായിരത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. റമസാനില്‍ സംഘനമസ്‌കാരങ്ങള്‍ നടത്തുന്നത് സാമൂഹ്യ വ്യാപനത്തിലേക്ക് വഴി വയ്ക്കുമോ എന്ന ആശങ്കയുണ്ട്. ഈയിടെ സൗദിയില്‍ ഇത്തവണ ആരാധനാ കര്‍മ്മങ്ങള്‍ വീടുകളിലാകണമെന്ന് നിർദേശിച്ചിട്ടുണ്ട്.