07 April, 2020 12:30:17 AM
'കോട'മയം കൊല്ലം: പരവൂരില്‍ വീട്ടിലെ വാട്ടര്‍ടാങ്കില്‍; പൂയപ്പള്ളിയില്‍ റബ്ബര്‍ തോട്ടത്തില്‍
കൊല്ലം: കൊല്ലത്ത് ആൾത്താമസമില്ലാത്ത വീടിനു മുകളിലെ വാട്ടർ ടാങ്കിൽ നിന്നാണ് കോട പിടിച്ചത്. 300 ലിറ്റർ കോടയാണ് സൂക്ഷിച്ചിരുന്നത്. പരവൂരിൽ നിർമാണം നടന്നു കൊണ്ടിരിക്കുന്ന വീടിന് സമീപത്തെ പഴയവീടിന്‍റെ ടെറസിലായിരുന്നു ടാങ്ക്.
രണ്ട് വീടുകളുടെയും ഉടമ ഒരാൾ തന്നെ. സംശയം തോന്നിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ടാങ്കിൽ നിന്നും നാലു ദിവസത്തോളം പഴക്കമുള്ള കോടയാണ് കണ്ടെത്തിയത്. കുറുമണ്ടൽ കല്ലുംകുന്ന് ഫ്രണ്ട്‌സ് ക്ലബിന്‍റെ സമീപത്തുള്ള വിലാസിനിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു ടാങ്ക്.
ഇവിടെ പുതിയ വീടിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നതിനാൽ പഴയ വീട് ഒഴിഞ്ഞു കിടക്കുകയാണ്. പഴയ വീട് പൊളിച്ചതിന്‍റെ ബാക്കിനിന്ന വാട്ടർ ടാങ്കിൽ ആയിരുന്നു കോട കലക്കിയിട്ടിരുന്നത്. പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിനും രഹസ്യവിവരം ലഭിച്ചിരുന്നു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പരവൂർ പൊലീസ് പറഞ്ഞു. അതേസമയം, പൂയപ്പള്ളി മീയണ്ണൂർ പാലമുക്കിന് റബ്ബർ തോട്ടത്തിന് സമീപം കാട് കയറിയ സർക്കാർ പുറമ്പോക്കിൽ നിന്ന് 35 ലിറ്റർ കോടയും പിടിച്ചെടുത്തു. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. പൂയപ്പള്ളി ഐ.എസ്.എച്ച്.ഒ വിനോദ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കോട പിടികൂടിയത്.