06 April, 2020 07:58:22 PM
കോവിഡ് 19: അതിവേഗം രോഗവിമുക്തി; കൊല്ലത്തെ ആദ്യ രോഗി ആശുപത്രി വിട്ടു
നിരീക്ഷണത്തിലുള്ള ഒരാള്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു
കൊല്ലം: ജില്ലയില്‍ ആദ്യത്തെ കോവിഡ് 19 പോസിറ്റീവ് കേസായി പാരിപ്പള്ളി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ വിദഗ്ധ പരിചരണത്തില്‍ കഴിഞ്ഞിരുന്ന പ്രാക്കുളം സ്വദേശി രോഗം പൂര്‍ണമായും ഭേദമായി ആശുപത്രി വിട്ടു. ജില്ലാ മെഡിക്കല്‍ ഓഫീസിനും ആശുപത്രി അധികൃതര്‍ക്കും തൃക്കരുവ പ്രാഥമികാരോഗ്യകേന്ദ്രം പ്രവര്‍ത്തകര്‍ക്കും ഹൃദയപൂര്‍വം നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.
ദുബായില്‍ നിന്നും എത്തിയ ഇദ്ദേഹത്തിന്‍റെ സാമ്പിള്‍ പരിശോധനയില്‍ പോസിറ്റീവായി കണ്ടതോടെ മാര്‍ച്ച് 27 ന് വിദഗ്ധ പരിചരണത്തിനായി ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സൂക്ഷ്മമായ പരിശോധനകളുടേയും വിദഗ്ദ്ധമായ പരിചരണത്തിന്റെയും കരുതലിന്റെയും പത്തു നാളുകള്‍. അഭിമാനനേട്ടമായി രണ്ടും മൂന്നും സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ്. തുടര്‍ച്ചയായ ഷിഫ്റ്റുകളില്‍ സേവനമനുഷ്ഠിച്ച പാരിപ്പള്ളി മെഡിക്കല്‍ കോളജ് സ്റ്റാഫിന്‍റെയും ആശുപത്രി ശുചീകരണം മുതല്‍ വീടുവീടാന്തരം നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വരെയുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെയും ഒരുമയോടെയുള്ള കൈകോര്‍ക്കലിന്‍റെ ഫലമാണ് കൊല്ലത്ത് കാണാനായത്.
ഇവര്‍ക്കെല്ലാം ഒപ്പം നിന്ന പൊലീസ്, ഫയര്‍ഫോഴ്‌സ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജനപ്രതിനിധികള്‍ എന്നിവര്‍ക്കും ഏറ്റവും ഫലപ്രദമായ തരത്തില്‍ ഏകോപനവും നിയന്ത്രണവും നിര്‍വഹിച്ച ജില്ലാ ഭരണകൂടത്തിനും കൂടുതല്‍ ശക്തമായി മുന്നോട്ടു പോകുവാനുള്ള ഊര്‍ജ്ജം പകരുന്നതാണ് പ്രാക്കുളം സ്വദേശിയുടെ അതിവേഗതയിലുളള രോഗവിമുക്തി. രോഗപരിചരണത്തിന് ഉയര്‍ന്ന നിലവാരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
ഇതിനിടെ ഐസൊലേഷനിലുള്ള ഒരാളുടെ പരിശോധനാഫലം കൂടി പോസിറ്റീവ് ആയി. വെളിനല്ലൂര്‍ പഞ്ചായത്തില്‍ ഓയൂര്‍ മീയന നിവാസിയായ യുവാവിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മാര്‍ച്ച് 24ന് ദില്ലി നിസാമുദ്ദീനില്‍ നിന്നും ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ഇദ്ദേഹം വെളിനല്ലൂരിലെ താമസ സ്ഥലത്ത് എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ വിവരമറിഞ്ഞ് എത്തുകയും സ്ഥലസൗകര്യമില്ലാത്തത് ബോധ്യപ്പെട്ട് ഏപ്രില്‍ ഒന്നിന് കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റുകയും ചെയ്തു. നാലാം തീയതി സാമ്പിള്‍ ശേഖരണത്തിനായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
രോഗം സ്ഥിരീകരിച്ച ശേഷം പാരിപ്പള്ളി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ തുടര്‍ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്‍റെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. പ്രൈമറി, സെക്കന്‍ററി കോണ്ടാക്റ്റുകളുടെ വിവരങ്ങളും ശേഖരിച്ചു വരുന്നു. ഇദ്ദേഹത്തിന്റെയും നിലവില്‍ ആശുപത്രിയില്‍ ഉള്ള പോസിറ്റീവായ മറ്റു നാലു പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040 (വാട്‌സ് ആപ് മാത്രം), 1056 (ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.