03 April, 2020 08:02:09 PM


ആശുപത്രിയിലെത്താന്‍ വാഹനം കിട്ടിയില്ല; യുവതി വീട്ടിൽ ആണ്‍കുഞ്ഞിന് ജന്മം നല്‍കി

- സജീഷ് വടമണ്‍



കൊട്ടാരക്കര: ആശുപത്രിയിൽ പോകുന്നതിന് വാഹനം കിട്ടാത്തതിനെത്തുടർന്ന് യുവതി വീട്ടിൽ പ്രസവിച്ചു. അഞ്ചൽ ചണ്ണപ്പേട്ട വനത്തുമുക്ക് നാലുസെന്റ് കോളനിയിൽ കമ്പകത്തും വീട്ടിൽ ശ്രീകുമാറിന്റെ ഭാര്യ വിനീതയാണ് വീട്ടിൽ ഒരു ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയത്. വിവരമറിഞ്ഞതിനെ തുടർന്നു അലയമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും  ഡോക്ടറും വീട്ടിൽ എത്തി പ്രാഥമിക ശുശ്രൂഷകൾ  നല്കി. തുടർന്ന് അമ്മയെയും കുഞ്ഞിനെയും പുനലൂർ  താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 


യുവതിയുടെ മൂന്നാമത്തെ പ്രസവമാണിത്. യുവതി വിട്ടിൽ ഈ  സമയത്ത് ഒറ്റക്കായിരുന്നു. പ്രസവ വേദന വന്നതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വാഹനം അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നാണ് ഇവർ അലയമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിച്ചത്. അലയമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്നും അഞ്ചൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് വിവരം കൈമാറി ഡോക്ടര്‍ വീട്ടില്‍ എത്തിയപ്പോഴെക്കും യുവതി പ്രസവിച്ചിരുന്നു. തുടർന്ന് അഞ്ചലിൽ നിന്നും 'നമ്മുടെ അഞ്ചൽ കാരുണ്യ കൂട്ടായ്മ' പ്രവർത്തകർ എത്തിച്ച ആംബുലൻസിലാണ് അമ്മയെയും കുഞ്ഞിനെയും പുനലൂർ  താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K