30 March, 2020 08:28:24 PM
കോവിഡ് 19: കൊല്ലം ജില്ലയില്‍ 17 പേര്‍ ആശുപത്രിയില്‍; 17,032 പേര്‍ ഗൃഹ നിരീക്ഷണത്തില്‍
കൊല്ലം: ജില്ലയില്‍ ഇന്ന് 17,032 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 42 പേര്‍ വിദേശ പൗരന്മാരാണ്. ദുബായില്‍ നിന്നുള്ള 1,954 പേര്‍ ഉള്‍പ്പെടെ ഗള്‍ഫ് മേഖലയില്‍ നിന്ന് തിരികെ എത്തിയ 6,398 സ്വദേശികളും ഗൃഹനിരീക്ഷണത്തില്‍ ഉള്‍പ്പെടുന്നു. ആറു പേര്‍ ഗൃഹ നിരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്നലെ പുതിയതായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത് നാല് പേര്‍ മാത്രമാണ്. ഇവര്‍ ഉള്‍പ്പെടെ 17 പേര്‍ ഐ പിയില്‍ ഉണ്ട്. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച 717 സാമ്പിളുകളില്‍ 94 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്.
നിലവില്‍ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാണ്. ജില്ലയില്‍ പോസിറ്റീവ് കേസു വന്ന സാഹചര്യത്തില്‍ ഓരോരുത്തരും അതീവ ജാഗ്രത പുലര്‍ത്തേണ്ടതും ഗൗരവം മനസ്സിലാക്കി സ്വയം നിയന്ത്രണം പാലിക്കേണ്ടതുമാണ്. അല്ലാത്തപക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്‌സ് ആപ് മാത്രം), 1056 (ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
ജില്ലാ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ കിരണിനെ കൊറോണ കെയര്‍ സെന്റര്‍ ആന്റ് ട്രീറ്റ്‌മെന്റ് യൂണിറ്റ് നോഡല്‍ ഓഫീസറായി നിയമിച്ചു. ക്വാറന്റയിനില്‍ കഴിയുന്ന ആള്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോമുള്ള വ്യക്തികള്‍ക്ക് ആവശ്യമായ ചികിത്സയും കൗണ്‍സിലിംഗും നല്‍കുകയാണ് നോഡല്‍ ഓഫീസറുടെ ചുമതല. വിഡ്രോവല്‍ സിന്‍ഡ്രോമുള്ളവര്‍ കൊറോണ കെയര്‍ സെന്ററിലെ ജീവനക്കാര്‍ക്കും സഹവാസികള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി.
അടിയന്തര സാഹചര്യം നേരിടാന്‍ 110 കൊറോണ കെയര്‍ സെന്ററുകള്‍ റിസര്‍വായി കണ്ടെത്തി. ജില്ലാ ഭരണകൂടവും ആരോഗ്യ - തദ്ദേശ സ്വയംഭരണ വകുപ്പുകളും സംയുക്തമായാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കിയത്. ഒറ്റയ്ക്ക് കഴിയുന്നതിന് കിടക്ക സൗകര്യമുള്ള 3,336 മുറികളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളതെന്നും രോഗപരിചരണം, ഭക്ഷണം, അനുബന്ധ സൗകര്യങ്ങള്‍ തുടങ്ങിയവ വീഴ്ച കൂടാതെ നടപ്പാക്കുമെന്നും ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.